ഉപനായകൻ സഞ്ജു?
Wednesday, September 28, 2022 12:29 AM IST
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യയുടെ ഉപനായകപദവി മലയാളി വിക്കറ്റ് കീപ്പിംഗ് ബാറ്ററായ സഞ്ജു വി. സാംസണ് അലങ്കരിക്കുമെന്ന് റിപ്പോർട്ട്. ശിഖർ ധവാൻ ആയിരിക്കും ക്യാപ്റ്റൻ എന്നും റിപ്പോർട്ടുണ്ട്.
ദക്ഷിണാഫ്രക്കയ്ക്ക് എതിരായ ഏകദിന പരന്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതോടെയാണ് സഞ്ജുവിനെ തേടി വൈസ് ക്യാപ്റ്റൻ സ്ഥാനം എത്തുന്നത്. വരുംദിനങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. ഇന്നു മുതൽ ഇന്ത്യ x ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ് പരന്പര ആരംഭിക്കുകയാണ്. തിരുവനന്തപുരം കാര്യവട്ടത്ത് ഇന്നു വൈകുന്നേരം 7.00നാണ് ആദ്യ ട്വന്റി-20.
അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പിനു മുന്പായി ഇന്ത്യൻ സീനിയർ അംഗങ്ങൾക്ക് വിശ്രമം അനുവദിക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ. 27കാരനായ സഞ്ജു ഇന്ത്യക്കായി ഏഴ് ഏകദിനവും 16 ട്വന്റി-20യും കളിച്ചിട്ടുണ്ട്.
ഒക്ടോബർ രണ്ട്, നാല് തീയതികളിലാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക ട്വന്റി-20 പരന്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ. ഒക്ടോബർ ആറ്, ഒന്പത്, 11 തീയതികളിലാണ് ഇരു ടീമും തമ്മിലുള്ള ഏകദിന മത്സരങ്ങൾ.