ആൻസി സോജൻ 2023 ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി
Tuesday, March 21, 2023 1:10 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: കാര്യവട്ടം എൽഎൻസിപി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി ഒന്നാം എഡിഷനിൽ ജംപിംഗ് പിറ്റിൽനിന്നു മലയാളി താരങ്ങൾക്ക് ഇരട്ട സുവർണ നേട്ടം. പുരുഷ വിഭാഗത്തിൽ കേരളത്തിന്റെ നിർമൽ സാബു (7.58 മീറ്റർ) ആദ്യ സ്വർണം കേരളത്തിനു നേടിക്കൊടുത്തപ്പോൾ വനിതാ വിഭാഗത്തിൽ ആൻസി സോജൻ 6.49 മീറ്റർ മറികടന്നാണു രണ്ടാമത്തെ സ്വർണം സമ്മാനിച്ചത്. 2023 ഏഷ്യൻ ഗെയിംസ് യോഗ്യതയും ആൻസി സ്വന്തമാക്കി.
നിർമൽ അവസാന ചാട്ടത്തിലാണുസ്വർണത്തിലേക്ക് എത്തിയത്. വനിതാ വിഭാഗത്തിൽ മിന്നും പ്രകടനം നടത്തി നാലാമത്തെ ചാട്ടത്തിൽ 6.49 മീറ്റർ ദൂരം മറികടന്നാണ് ആൻസി മെഡലണിഞ്ഞത്. 5.93 മീറ്റർ കടന്ന കേരളത്തിന്റെ സാന്ദ്രാ ബാബുവിനാണു വെള്ളി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദിൽനാ ഫിലിപ്പ് ഒരു മിനിറ്റ് 01.58 സെക്കൻഡിൽ ഫിനിഷ് ചെയത് കേരളത്തിന്റെ അക്കൗണ്ടിലേക്കു മൂന്നാമത്തെ സ്വർണമെത്തിച്ചു.
മീറ്റിലെ ഗ്ലാമർ മത്സര ഇനമായ 100 മീറ്ററിൽ പുരുഷൻമാരിൽ മാലദ്വീപിന്റെ ഹസൻ സെയ്ദ് 10.67 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിൽ മുത്തമിട്ടപ്പോൾ ഒഡീഷയിൽനിന്നുള്ള അമിയ കുമാർ മാലിക്(10.69) വെള്ളിനേട്ടത്തിന് അർഹനായി. 200 മീറ്ററിലും ഹസൻ സ്വർണം സ്വന്തമാക്കി. 21.66 സെക്കൻഡിലാണ് ഹസൻ 200 മീറ്റർ പിന്നിട്ടത്.
ഏഷ്യൻ മീറ്റ് ഉൾപ്പെടെയുള്ള മത്സരങ്ങൾക്കു ക്വാളിഫൈയിംഗ് മത്സരമായി ഗ്രാൻപ്രി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് മാലദ്വീപിൽനിന്നുള്ള ഹസൻ കാര്യവട്ടത്ത് മത്സരത്തിനിറങ്ങിയത്. വനിതാ വിഭാഗം 100 മീറ്ററിൽ കർണാടകത്തിന്റെ ധനേശ്വരി 11.76 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിന് അവകാശിയായപ്പോൾ തമിഴ്നാടിന്റെ അർച്ചനാ ശുശീന്ദ്രൻ (11.82) വെള്ളിനേട്ടത്തിന് അർഹയായി.
വനിതകളുടെ 200 മീറ്ററിൽ ഒളിന്പ്യൻമാരുടെ മിന്നും പ്രകടനമാണ് കാര്യവട്ടം സിന്തറ്റിക് ട്രാക്കിൽ കണ്ടത്. ആസാമിന്റെ ഹിമാ ദാസ് 23.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിന് അവകാശിയായപ്പോൾ മഹാരാഷ്ട്രയുടെ ഐശ്വര്യ മിശ്ര (24.81) വെള്ളിയും കേരളത്തിന്റെ വി.കെ. വിസ്മയ (24.82) വെങ്കലവും സ്വന്തമാക്കി.