പെലെ, മാറഡോണ, മെസി...
Wednesday, March 29, 2023 12:43 AM IST
ലൂക്ക്: സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ (കോണ്‍മെബോൾ) മ്യൂസിയത്തിൽ ഇടംപിടിച്ച് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയും.
ലോകകപ്പ് ട്രോഫി പിടിച്ചുനിൽക്കുന്ന മെസിയുടെ പൂർണകായ രൂപം കഴിഞ്ഞ ദിവസം പരാഗ്വെയിലെ ലൂക്കിനുള്ള ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ സമിതി കോണ്‍മെബോൾ മ്യൂസിയത്തിൽ സ്ഥാപിച്ചു.
ബ്രസീലിനു മൂന്നുതവണ ലോകകപ്പ് കിരീടം സമ്മാനിച്ച പെലെ, അർജന്റീനയെ ലോകകിരീടത്തിലെത്തിച്ച ഡിയാഗോ മാറഡോണ എന്നിവരുടെ പ്രതിമകൾക്കൊപ്പമാണു മെസിയുടെ സ്ഥാനം. പ്രതിമ അനാശ്ചാദനം ചെയ്യുന്ന ചടങ്ങിൽ മെസിയും പങ്കെടുത്തു. ഇതൊരിക്കലും താൻ സ്വപ്നം കണ്ടതല്ല. ഒരു മികച്ച പ്രഫഷനൽ ഫുട്ബാളറാകുകയെന്ന കുട്ടിക്കാല സ്വപ്നം മാത്രമായിരുന്നു മനസിൽ- പൂർണകായ രൂപത്തിനരികെനിന്നു മെസി പറഞ്ഞു.
അർജന്റീന താരങ്ങൾക്കും പരിശീലകൻ ലയണൽ സ്കലോണിക്കും ലോകകപ്പ്, കോപ്പ അമേരിക്ക കിരീടങ്ങളുടെ പകർപ്പും ചടങ്ങിൽ സമ്മാനിച്ചു. അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ ദേശീയ പരിശീലന കേന്ദ്രത്തിന് അടുത്തിടെ മെസിയുടെ പേരു നൽകിയിരുന്നു.