ഗുജറാത്തിനെ കീഴടക്കി ചെന്നൈ ഫൈനലിൽ
Wednesday, May 24, 2023 12:19 AM IST
ചെന്നൈ: എം.എസ്. ധോണി ആരാധകർക്ക് ആഹ്ലാദ നിമിഷം. തന്റെ അവസാന ഐപിഎൽ ട്വന്റി-20 സീസണിൽ ധോണി ഫൈനലിലും ഉണ്ടാകും. 2023 സീസൺ ഐപിഎല്ലിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ.
ക്വാളിഫയർ ഒന്നിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് കീഴടക്കി ചെന്നൈ ഫൈനലിൽ പ്രവേശിച്ചു. സ്കോർ: ചെന്നൈ 20 ഓവറിൽ 172/7. ഗുജറാത്ത് 20 ഓവറിൽ 157. ശുഭ്മാൻ ഗിൽ (38 പന്തിൽ 42) ഗുജറാത്തിന്റെ ടോപ് സ്കോററായി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിനുവേണ്ടി ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും ഡിവോണ്‍ കോണ്‍വെയും മികച്ച തുടക്കമാണിട്ടത്. 10.3 ഓവറിൽ 87 റണ്‍സ് നേടിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 44 പന്തിൽ ഏഴ് ഫോറും ഒരു സിക്സും അടക്കം 60 റണ്‍സ് നേടിയ ഗെയ്ക്വാദായിരുന്നു ആദ്യം പുറത്തായത്. ഗുജറാത്തിന്റെ മോഹിത് ശർമയുടെ പന്തിൽ ഡേവിഡ് മില്ലറിനു ക്യാച്ച് നൽകി ഗെയ്ക്വാദ് മടങ്ങി.
87 റണ്‍സ് കൂട്ടുകെട്ടിൽ 20 പന്തിൽ 25 റണ്‍സായിരുന്നു കോണ്‍വെയുടെ സംഭാവന. മെല്ലപ്പോക്ക് നയവുമായി ക്രീസിൽ തുടർന്ന കോണ്‍വെയെ 16-ാം ഓവറിൽ മുഹമ്മദ് ഷമി പുറത്താക്കി. 34 പന്തിൽ നാല് ഫോറിന്റെ സഹായത്തോടെ 40 റണ്‍സായിരുന്നു കോണ്‍വെയുടെ സന്പാദ്യം. ഷമിയുടെ പന്തിൽ ഡീപ്പ് മിഡ് വിക്കറ്റിൽ റഷീദ് ഖാന്റെ ക്യാച്ചിലൂടെയായിരുന്നു കോണ്‍വെയുടെ മടക്കം.
മൂന്നാം നന്പറായെത്തിയ ശിവം ദുബെയ്ക്ക് (1) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. നൂർ അഹമ്മദിന്റെ പന്തിൽ വിക്കറ്റ് തെറിച്ച് ശിവം ദുബെ പുറത്ത്. 10 പന്തിൽ 17 റണ്‍സുമായി അജിങ്ക്യ രഹാനെ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും പുതുമുഖതാരം ദർശൻ നൽക്കണ്ഡെയുടെ പന്തിൽ ബാക്ക് വേഡ് പോയിന്റിൽ ശുഭ്മാൻ ഗില്ലിന്റെ ക്യാച്ചിൽ ഇന്നിംഗ്സ് അവസാനിച്ചു.
അഞ്ചാം വിക്കറ്റിൽ അന്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയും ചേർന്ന് 23 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഒന്‍പത് പന്തിൽ 17 റൺസുമായി റായുഡു റഷീദ് ഖാന്റെ പന്തിൽ പുറത്ത്. ക്യാപ്റ്റൻ ധോണിക്ക് സ്വന്തം കാണികൾക്ക് മുന്നിലെ അവസാന ഐപിഎൽ ഇന്നിംഗ്സിൽ ഒരു റൺ മാത്രമെടുക്കാനേ സാധിച്ചുള്ളൂ.
16 പന്തിൽ 22 റൺസ് നേടിയ രവീന്ദ്ര ജഡേയ ഇന്നിംഗ്സിലെ അവസാന പന്തിൽ മുഹമ്മദ് ഷമിക്കു മുന്നിൽ ബൗൾഡായി. അതോടെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ ചെന്നൈ ഇന്നിംഗ്സ് അവസാനിച്ചു.