ചടങ്ങുതീർക്കൽ ; ഇന്ത്യ x ബംഗ്ലാദേശ്
Friday, September 15, 2023 3:40 AM IST
കൊളംബൊ: ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യ സൂപ്പർ ഫോറിലെ അവസാന മത്സരത്തിനായി ഇന്ന് കളത്തിൽ. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.00നാണു മത്സരം. സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഫൈനൽ ഉറപ്പാക്കി. അതേസമയം, കളിച്ച രണ്ടു മത്സരവും തോറ്റ ബംഗ്ലാദേശ് നേരത്തേ പുറത്തായിരുന്നു.
ഫൈനലിൽ പ്രവേശിച്ച സാഹചര്യത്തിൽ ചില കളിക്കാർക്കു വിശ്രമം നൽകിയായിരിക്കും ഇന്ത്യ ഇറങ്ങുക. ബൗളർമാർക്കായിരിക്കും വിശ്രമം അനുവദിക്കുന്നത്. മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ എന്നിവരിൽ ഒരാൾക്കു വിശ്രമം നൽകാനാണു സാധ്യത. സിറാജിനു പകരം മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനിൽ എത്തിയേക്കും.
പരിക്കേറ്റു വിശ്രമത്തിലായിരുന്ന ശ്രേയസ് അയ്യർ ടീമിൽ തിരിച്ചെത്താനും സാധ്യതയുണ്ട്. ഇന്നലെ ശ്രേയസ് അയ്യർ നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് പകരം അക്സർ പട്ടേലും ചിലപ്പോൾ ടീമിൽ ഇടംപിടിച്ചേക്കാം. ഞായറാഴ്ചയാണ് ഏഷ്യ കപ്പ് ഫൈനൽ.