അഞ്ചാംപനി: സിഎച്ച്സിയിൽ ഇന്റർ സെക്ടറൽ യോഗം ചേർന്നു
1244942
Friday, December 2, 2022 12:03 AM IST
ചുങ്കത്തറ: ജില്ലയിൽ അഞ്ചാം പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മിസിൽസ് റൂബെല്ല പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനും ചുങ്കത്തറ ആരോഗ്യ ബ്ലോക്ക്തല ഇന്റർ സെക്ടറൽ യോഗം നടത്തി. ചുങ്കത്തറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗം നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നജ്മുനിസ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ലാൽ പരമേശ്വർ ബോധവത്കരണം നടത്തി വിഷയം അവതരിപ്പിച്ചു.
നിലന്പൂർ ബ്ലോക്കിലെ എല്ലാ ഗ്രാമപ്പഞ്ചായത്തിലെയും അംഗങ്ങൾ, മെഡിക്കൽ ഓഫീസർമാർ, നിലന്പൂർ മുനിസിപ്പാലിറ്റി കൗണ്‍സിലർമാർ, ആരോഗ്യ പ്രവർത്തകർ, അമരന്പലം ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
അഞ്ചാം പനിക്കെതിരെ ഡിസംബർ അഞ്ചു വരെ എല്ലാ ദിവസവും സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവെപ്പുണ്ടാകും. ഒന്നാം ഡോസും രണ്ടാം ഡോസും സ്വീകരിക്കാത്ത 10 മാസം മുതൽ അഞ്ചു വയസ് വരെയുള്ള കുട്ടികൾക്കാണ് ആദ്യ ഘട്ടമായി നൽകുക. ലണ്ടുവയസിന് താഴെ ഉള്ളവർക്കും 20 വയസിനു മുകളിൽ പ്രായമുള്ളവർക്കും രോഗം ഗുരുതരം ആവാൻ സാധ്യത ഉണ്ട്. സമയത്തിനുള്ള പ്രതിരോധ കുത്തിവെപ്പും വിറ്റാമിൻ എ യുമാണ് നിലവിൽ രോഗം വ്യാപിക്കുന്നത് തടയുവാനുള്ള മാർഗം.