വന്യജീവികളിൽ നിന്നുള്ള പ്രതിസന്ധി നേരിടാൻ പദ്ധതി
1279484
Monday, March 20, 2023 11:39 PM IST
നിലന്പൂർ: നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഉപാധ്യക്ഷ പാത്തുമ്മ ഇസ്മായിലാണ് ബജറ്റ് അവരിപ്പിച്ചത്. 15,26,71,166 രൂപ വരവും 15,11,55,242 രൂപ ചെലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റിൽ 15,15,924 രൂപ മിച്ചമുണ്ട്. പ്രസിഡന്റ് പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. വന്യജീവികളിൽ നിന്നുള്ള പ്രതിസന്ധി നേരിടാൻ കാവൽമാടം പദ്ധതി, കാർഷിക മേഖലയുടെ ഉണർവിന് ഉഴുവ്, നെൽകൃഷി പരിപാലനത്തിന് കതിരൊളി, കാർഷിക വിളകളെ മൂല്യവർധിത ഉത്പ്പന്നങ്ങളാക്കി മാറ്റാനുള്ള കൈത്താങ്ങ്, ക്ഷീരകർഷകർക്ക് സാന്പത്തിക നേട്ടം ഉറപ്പുവരുത്താൻ കാമധേനു പദ്ധതി, ഫലവർഗങ്ങൾ നട്ട് പരിപാലനം നടത്തുന്നതിനായി ഫലിത, വന്യജീവികളിൽ നിന്നു കാർഷിക വിളകളെ സംരക്ഷിക്കാൻ സൗരവേലി നിർമാണത്തിന് വനസ്ഥലി, പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് പരിശീലനം നൽകുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമുള്ള പദ്ധതിയായ കാപ്പ്, കാലിത്തീറ്റ ചെലവ് ക്രമീകരിക്കുന്നതിന് സബ്സിഡി നൽകുന്നതിനായി പാൽത്തൊട്ടിൽ, ജീവിതശൈലീ രോഗങ്ങളിൽ നിന്നു മുക്തി നേടാൻ ജീവാധാത്രി പദ്ധതി പട്ടികജാതി വിഭാഗത്തിലെ കുട്ടികളുടെ പഠനമുറി നിർമാണത്തിനുള്ള വിദ്യാനികുഞ്ജം പദ്ധതി തുടങ്ങിയവ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന പദ്ധതികളാണ്.
പഞ്ചായത്തംഗങ്ങളായ റഷീദ് വാളപ്ര, സൂസമ്മ മത്തായി, സഹിൽ അകന്പാടം, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി. ജെയിംസ്, പി. ഉസ്മാൻ, തങ്കമ്മ നെടുന്പാടി, എം.കെ. നജ്മുന്നീസ, വിദ്യാരാജൻ, ആസൂത്രണ ഉപാധ്യക്ഷൻ രാധാകൃഷ്ണൻ, ബിഡിഒ എ.ജെ. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.