വീട്ടിൽ കയറി അതിക്രമം കാണിച്ച പ്രതിക്ക് തടവും പിഴയും
1576269
Wednesday, July 16, 2025 8:13 AM IST
പെരിന്തൽമണ്ണ: അശ്ലീല ആംഗ്യം കാണിച്ച് വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീത്വത്തെ അപമാനിച്ച പ്രതിക്ക് തടവും പിഴയും. കക്കൂത്ത് വലിയപറന്പിൽ സദാനന്ദനെ (39) യാണ് പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കെ.എൻ. ആശ വിവിധ വകുപ്പുകളിലായി ഒരു വർഷവും ഏഴ് മാസവും തടവിനും പതിനായിരം രൂപ പിഴ അടക്കുവാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവനുഭവിക്കണം.
2016 ലാണ് സംഭവം. പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് സാക്ഷികളെയും അഞ്ച് രേഖകളും കോടതിയിൽ ഹാജരാക്കി. പരാതിക്കാരിക്ക് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ. നവാബ്ഖാൻ ഹാജരായി.