നാടുകാണിച്ചുരത്തിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു
1575985
Tuesday, July 15, 2025 8:06 AM IST
എടക്കര: അന്തർസംസ്ഥന പാതയായ നാടുകാണിച്ചുരത്തിൽ മരംവീണ് രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ അന്പലമുക്കിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കനത്ത മഴയെത്തുടർന്ന് കൂറ്റൻ മരം പാതയോരത്തെ റോഡിന് കുറുകെ പതിച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു.
ബൈക്ക് യാത്രക്കാർക്ക് പോലും കടന്ന് പോകാൻ പറ്റാത്ത തരത്തിലായിരുന്നു മരം വീണത്. വിവരമറിഞ്ഞെത്തിയ വനം, പോലീസ് സേനകളും നാട്ടുകാരും യാത്രക്കാരും ചേർന്ന് രണ്ടുമണിക്കൂർ സമയമെടുത്താണ് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഈ സമയം നൂറ് കണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ചുരത്തിൽ കുടുങ്ങിയത്.