നിലന്പൂർ ബൈപാസ് ഇരകളുടെ നഷ്ടപരിഹാരം രണ്ടുമാസത്തിനകം നൽകാമെന്ന് കളക്ടർ
1575994
Tuesday, July 15, 2025 8:06 AM IST
നിലന്പൂർ: നിലന്പൂർ ബൈപാസ് ഇരകൾക്ക് രണ്ട് മാസത്തിനുള്ളിൽ നഷ്ടപരിഹാര തുക നൽകുമെന്ന് ജില്ലാ കളക്ടറുടെ ഉറപ്പ്. നിലന്പൂർ ബൈപാസ് കൂട്ടായ്മ പ്രതിനിധികൾ മലപ്പുറം കളക്ടറേറ്റിലെത്തി നടത്തിയ ചർച്ചയിലാണ് കളക്ടർ വി.ആർ. വിനോദ് രണ്ട് മാസത്തിനുള്ളിൽ നഷ്ടപരിഹാര തുക വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകിയത്.
നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ 227.18 കോടി രൂപ നിലന്പൂർ ബൈപാസിനായി അനുവദിച്ചിരുന്നു. ഇതിൽ 74 കോടി രൂപ ബൈപാസിനായി ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരമായി നൽകാനുള്ള തുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ തുക കൈമാറുമെന്ന് അന്ന് ഉറപ്പും നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലാണ് തുക അനുവദിച്ചത്.
എന്നാൽ ജൂലൈ മാസമായിട്ടും നടപടി എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ബൈപാസ് കൂട്ടായ്മ പ്രതിനിധികളായ ഉമ്മർ, ഹസീന, രാധ, കോമളം തുടങ്ങിയവരുടെ നേതൃത്വത്തിൽ ബൈപാസ് ഇരകൾ കളക്ടറെ കണ്ടത്. ചില സങ്കേതിക പ്രശ്നങ്ങൾ കൂടി ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ രണ്ട് മാസം കൂടി കഴിയുമെന്നാണ് കളക്ടർ നൽകിയ മറുപടിയെന്ന് ബൈപാസ് ജനകീയ കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു. മന്ത്രിമാരും കളക്ടറും നിരവധി തവണ ഉറപ്പ് നൽകിയിട്ടും നഷ്ടപരിഹാര തുക ഇനിയും ലഭിക്കാത്തതിനാൽ കളക്ടറുടെ ഉറപ്പ് എന്താകുമെന്ന കാര്യത്തിൽ ഇവരുടെ ആശങ്ക വർധിക്കുകയാണ്.
1996ൽ നിലന്പൂർ ബൈപാസിനായി ഭൂമി വിട്ടുനൽകിയ കുടുംബങ്ങളെയാണ് സങ്കേതികത്വത്തിന്റെ നൂലാമാലകൾ പറഞ്ഞ് 29 വർഷമായി അധികൃതർ വട്ടം കറക്കുന്നത്. നിലന്പൂർ ജ്യോതിപ്പടി മുതൽ വെളിയംതോട് വരെയുള്ള ആറു കിലോമീറ്റർ റോഡാണ് നിലന്പൂർ ബൈപാസിനായുള്ളത്.
ഇതിൽ നിലന്പൂർ ജ്യോതിപ്പടി മുതൽ ചക്കാലക്കുത്ത് വരെയുളള രണ്ട് കിലോമീറ്റർ ഭാഗത്ത് സ്ഥലം വിട്ടുനൽകിയവർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. നാലു കിലോമീറ്റർ ഭാഗത്ത് സ്ഥലം വിട്ടുനൽകിയ കുടുംബങ്ങളാണ് നഷ്ടപരിഹാരത്തിനായി നെട്ടോട്ടം ഓടുന്നത്. ഇതിൽ 49 കുടുംബങ്ങൾ താമസിക്കുന്നത് ഏത് സമയത്തും നിലംപൊത്താവുന്ന വീടുകളിലാണ്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾ നിലന്പൂർ ബൈപാസ് വിഷയത്തിൽ പിന്നോട്ടും പോയി. തുടർന്നാണ് ബൈപാസ് കൂട്ടായ്മ പ്രതിനിധികൾ കളക്ടറെ സമീപിച്ചത്.