മഞ്ചേരി മെഡിക്കൽ കോളജ് : അത്യാഹിത വിഭാഗത്തിൽ ലിഫ്റ്റ് തകരാറിലാകുന്നത് പതിവാകുന്നു
1575271
Sunday, July 13, 2025 5:57 AM IST
മഞ്ചേരി : മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ലിഫ്റ്റ് തകരാറിലാകുന്നത് പതിവാകുന്നു. ഇതുമൂലം രോഗികളും ബന്ധുക്കളും ദുരിതം നേരിടുന്നു. താഴെ നിലയിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് നിരീക്ഷണ മുറി മാത്രമാണുള്ളത്.
ഇവിടെ നിന്ന് ഡോക്ടർ നിർദേശിക്കുന്ന രോഗികളെ വാർഡുകളിലേക്കും മറ്റു പരിശോധനകൾക്കും എത്തിക്കണമെങ്കിൽ അത്യാഹിത വിഭാഗത്തിൽ ലിഫ്റ്റിന്റെ സേവനം അത്യാവശ്യമാണ്.
വാർഡുകൾ, ഓപ്പറേഷൻ തിയേറ്റർ, സ്കാനിംഗ്, എക്സ്റേ എന്നിവയെല്ലാം പ്രവർത്തിക്കുന്നത് മുകളിലെ നിലയിലാണ്. ഇവിടേക്ക് സന്നദ്ധ സംഘടനാ വോളണ്ടിയർമാരും ബന്ധുക്കളും ഏറെ പാടുപെട്ടാണ് രോഗികളെ എത്തിക്കുന്നത്.
അത്യാഹിത വിഭാഗത്തിലെത്തുന്ന ഗർഭിണികളെ ലേബർ റൂമിലേക്കെത്തിക്കാനും സന്നദ്ധപ്രവർത്തകരെ ആശ്രയിക്കണം. ഏഴാംവാർഡ് നാലാം നിലയിലാണ്. എല്ലുപൊട്ടി കിടപ്പിലായവരുൾപ്പെടെ ഇവിടേക്കാണ് കൊണ്ടുവരിക. ഇവിടെയെത്തിയ ശേഷമാണ് പലപ്പോഴും ഡോക്ടർമാർ സ്കാനിംഗിന് നിർദേശിക്കുന്നത്.
പഴക്കമേറിയ ലിഫ്റ്റ് തകരാറിലാകുന്നത് ഇവിടെ പതിവാണ്. ലിഫ്റ്റ് സംവിധാനത്തന്റെ സെൻസർ തകരാറിലാകുന്നതാണ് മുടക്കത്തിന് കാരണം. ശാശ്വത പരിഹാരമുണ്ടാക്കുന്നതിന് പകരം താൽക്കാലികമായി പ്രശ്നം പരിഹരിക്കുന്നതാണ് അടിക്കടി യന്ത്രം പണിമുടക്കാനിടയാക്കുന്നത്.
ലിഫ്റ്റിന് മേൽ റീത്ത് സമർപ്പിക്കുന്നതടക്കമുള്ള പല പ്രതിഷേധ സമരങ്ങൾക്ക് വിവിധ സംഘടനകൾ നടത്തിയിട്ടും അധികൃതർക്ക് അനക്കമില്ല. ലിഫ്റ്റ് നന്നാക്കാനുള്ള ഉപകരണം എത്തിച്ച് ഉടൻ പ്രവർത്തന ക്ഷമമാക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ രോഗികളുടെ ദുരിതത്തിന് അറുതിയാകുന്നില്ല.