സ്ഥല പരിമിതിയിൽ വീർപ്പുമുട്ടി നിലന്പൂർ ജില്ലാശുപത്രി
1575085
Saturday, July 12, 2025 5:26 AM IST
നിലന്പൂർ:സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി നിലന്പൂർ ജില്ലാ ആശുപത്രി. അടിസ്ഥാന വികസനത്തിന് ആവശ്യമായ സ്ഥലമില്ലാത്തത് കടുത്ത വെല്ലുവിളിയാവുകയാണ്. ആശുപത്രി വികസനത്തിന് നിലന്പൂർ മോഡൽ യുപി സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതാണ് നിലന്പൂർ ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നത്.
ജില്ലാ ആശുപത്രിയുടെ എച്ച്എംസി ഫണ്ടിൽ ഒന്നേകാൽ കോടി രൂപ നീക്കിയിരിപ്പുണ്ടെന്ന് സൂപ്രണ്ട് തന്നെ വ്യക്തമാക്കുന്നു. ജില്ലാ ആശുപത്രിയിൽ എത്തുന്നവരിൽ നിന്ന് പാസിനത്തിൽ വലിയ തുക വാങ്ങുന്നതിനാലാണ് ഇത്രയും വലിയ തുക എച്ച്എംസി ഫണ്ടിൽ നീക്കിയിരിപ്പ് വരാൻ കാരണം.
രണ്ടു വർഷമായി ഇടക്കിടെ പ്രവർത്തനരഹിതമാകുന്ന എക്സ്റേ യന്ത്രം മാറ്റിയിടാൻ സ്ഥലമില്ലാത്തതിനാൽ പുതിയ യന്ത്രം വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗവും എക്സ്റേ യന്ത്രം പ്രവർത്തിക്കുന്ന ഓഫീസും തമ്മിൽ 50 മീറ്ററിനും നൂറ് മീറ്ററിനുമിടയിൽ ദൂരമുണ്ട്. അതിനാൽ അപകടങ്ങളിൽ പരിക്കേൽക്കുന്നവർ ഉൾപ്പെടെയുള്ള രോഗികളെ സ്ട്രെക്ച്ചറിൽ ഇരുത്തിയും കിടത്തിയും വേണം എക്സ് റേ എടുക്കാൻ കൊണ്ടുപോകേണ്ടത്.
ഗൂഢല്ലൂർ മുതൽ മന്പാട് വരെയുള്ള ആയിരക്കണക്കിന് രോഗികളുടെ നിലന്പൂരിലെ ഏക ആശ്രയമായ ജില്ലാ ആശുപത്രിയിലാണ് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ എക്സ് റേ എടുക്കാൻ ഉൾപ്പെടെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വരുന്നത്. ഇത് സാധാരണക്കാരന് താങ്ങാനാകുന്നില്ല.
ജില്ലാ ആശുപത്രി എച്ച്എംസി അടക്കം അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തിൽ ശക്തമായ ഇടപെടലുകൾ നടത്താത്തതാണ് നിലവിലെ അവസ്ഥക്ക് കാരണം. എക്സ് റേ യന്ത്രങ്ങൾക്കായി നവംബറിൽ പുതിയ ബ്ലോക്ക് തുറക്കും വരെ കാത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ് ആശുപത്രി അധികൃതർ നൽകുന്നത്.
നിലന്പൂർ ജില്ലാ ആശുപത്രിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തേണ്ടതും അത് ഉടൻ യാഥാർഥ്യമാക്കേണ്ടതും എച്ച്എംസി അംഗങ്ങളുടെയും സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഉത്തരവാദിത്വം കൂടിയാണ്. ആശുപത്രി വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിൽ ജനപ്രതിനിധികൾ ജാഗ്രത കാണിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യത്തിനുള്ള സ്ഥലമില്ലാത്തതിനാൽ പല ഫണ്ടുകളും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ആശുപത്രിയിൽ നടപ്പാക്കാൻ കഴിയുന്നില്ല.