വന്യമ്യഗശല്യം പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണം: പി.വി. അൻവർ
1575086
Saturday, July 12, 2025 5:26 AM IST
നിലന്പൂർ: വന്യമൃഗശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ ഭരണപക്ഷവും പ്രതിപക്ഷവും മൗനം പാലിക്കുകയാണെന്ന് പി.വി. അൻവർ ആരോപിച്ചു. നിലന്പൂർ നഗരസഭാ പരിധിയിലെ പാത്തിപ്പാറയിൽ കാട്ടാന കൃഷി നശിപ്പിച്ച കർഷകരുടെ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ പി.വി. അൻവർ.
വന്യമൃഗശല്യം മൂലം കർഷകർ വീടുകൾ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ്. ഇതിന് പരിഹാരം കാണേണ്ട സർക്കാർ ഒരു ഇടപെടലുകളും നടത്തുന്നില്ല. കേരളത്തിൽ വന്യമ്യഗങ്ങളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
മലയോര കർഷകർ തിങ്ങിപാർക്കുന്ന നിലന്പൂർ മേഖലയിൽ വീട്ടുമുറ്റങ്ങളിലേക്ക് കാട്ടാനകൾ എത്തുന്നത് തടയാൻ അടിയന്തരമായി സോളർ വൈദ്യുതിവേലി നിർമിക്കണം. സർക്കാരിനെ കൊണ്ട് വന്യമ്യഗശല്യത്തിനെതിരെ നടപടി എടുപ്പിക്കേണ്ട പ്രതിപക്ഷവും മൗനത്തിലാണ്. നാട്ടിൽ വന്യമൃഗശല്യം വർധിക്കുന്പോൾ കാർബണ്‍ ഫണ്ടിനായി വന വിസ്തൃതി കൂട്ടികൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാരെന്നും അൻവർ ആരോപിച്ചു.
നിലന്പൂരിൽ മാത്രം 161 കർഷകരുടെ ഭൂമിയാണ് ഇതിനകം വില നിശ്ചയിച്ച് വനം വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്നും അൻവർ പറഞ്ഞു. തൃണമൂൽ കോണ്‍ഗ്രസ് വന്യമൃഗശല്യത്തിനെതിരെ സംസ്ഥാന വ്യാപകമായി സമരജാഥ സംഘടിപ്പിക്കും. കാസർഗോട്ട് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്നതായിരിക്കും ജാഥ. വന്യമൃഗ ആക്രമണങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് നിലവിൽ നൽകുന്ന നഷ്ടപരിഹാര തുക 50 ലക്ഷമാക്കി ഉയർത്തണം.
ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാര തുക 10 ഇരട്ടിയായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമുൽ കോണ്‍ഗ്രസ് മുനിസിപ്പൽ സെക്രട്ടറി ഷാജഹാൻ പാത്തിപ്പാറ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും കൂടെ ഉണ്ടായിരുന്നു.