അകന്പാടത്ത് കാട്ടാന കൃഷി നശിപ്പിച്ചു
1575093
Saturday, July 12, 2025 5:26 AM IST
നിലന്പൂർ:നിലന്പൂർ മേഖലയിൽ കാട്ടാന ശല്യത്തിന് അറുതിയില്ല. അകന്പാടം ആനപ്പാറയിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വീട്ടുമുറ്റങ്ങളിലേക്ക് പതിവായി കാട്ടാനകൾ എത്തുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുകയാണ്.
ആനപ്പാറ കോക്കുത്ത് ഹസൻകുട്ടി, സഹോദരി കോക്കുത്ത് സുബൈദ എന്നിവരുടെ വീട്ടുമുറ്റങ്ങളിലേക്കാണ് ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ കാട്ടാന എത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയെ കണ്ടത്.
രണ്ട് കൃഷിയിടങ്ങളിലായി വ്യാപകമായി വാഴ കൃഷി നശിപ്പിച്ചു. ചാലിയാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അപകടകാരിയായ ചുള്ളികൊന്പൻ ഉൾപ്പെടെ ആറ് കാട്ടാനകളാണ് സ്വൈര്യവിഹാരം നടത്തുന്നത്.
പെരുന്പത്തൂർ, ആലോടി, കല്ലുണ്ട, ഓക്കാട്, ഇടിവണ്ണ എച്ച്ബ്ലോക്ക്, മൈലാടിപ്പൊട്ടി, വൈലാശേരി എന്നിവിടങ്ങളിലാണ് കാട്ടാനകൾ പതിവായി എത്തി കൃഷി നശിപ്പിക്കുന്നത്.