ജീർണാവസ്ഥയിലായ മൃഗാശുപത്രി പൊളിച്ചുമാറ്റണമെന്ന്
1575087
Saturday, July 12, 2025 5:26 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ചെരക്കാപറന്പിലെ മൃഗാശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തം. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ജീർണാവസ്ഥയിലാണ്. ഏതു നിമിഷവും തകർന്നു വീഴാവുന്ന കെട്ടിടം ഉടനെ പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ആശുപത്രി പ്രവർത്തിക്കുന്നത് പുതിയ കെട്ടിടത്തിലാണെങ്കിലും ഉപയോഗശൂന്യമായ പഴയ കെട്ടിടം നീക്കം ചെയ്യാൻ ആവശ്യമായ സാക്ഷ്യപത്രം പഞ്ചായത്ത് അധികൃതരിൽ നിന്ന് ലഭിക്കാത്തതാണ് പൊളിച്ചു മാറ്റുന്നതിനുള്ള തടസം. ആശുപത്രി വളപ്പിലെ വീഴാറായ മരങ്ങൾ ഈയിടെ മുറിച്ചുമാറ്റിയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ചുറ്റുമതിൽ തകർന്നുവീഴുകയും ചെയ്തു.
മാസന്തോറും മുന്നൂറോളം ഗുണഭോക്താക്കൾ ആശ്രയിക്കുന്ന ഈ മൃഗാശുപത്രി ഇപ്പോൾ നേരിടുന്ന സ്ഥല പരിമിതി പരിഹരിക്കാനും കെട്ടിടം പൊളിക്കുന്നതിലൂടെ സാധിക്കും. മങ്കട, പുഴക്കാട്ടിരി എന്നീ സമീപ പഞ്ചായത്തുകളിലുള്ളവരും മൃഗചികിത്സക്കായി ഇവിടെ എത്താറുണ്ട്. വെറ്ററിനറി സർജൻ ഉൾപ്പെടെ മുഴുവൻ തസ്തികകളിലും ഇവിടെ ജീവനക്കാരുണ്ട്.
കെട്ടിടം പൊളിച്ചുമാറ്റി ചുറ്റുമതിൽ, ഗേറ്റ് എന്നിവ പണിതാൽ ആശുപത്രിയെ ആശ്രയിക്കുന്നവർക്ക് വലിയ സൗകര്യമാകും. കെട്ടിടം പൊളിച്ചുമാറ്റുന്നതിനും പുനരുദ്ധാരണത്തിനുമായി ഗ്രാമപഞ്ചായത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ആശുപത്രി വികസന സമിതി ഭാരവാഹികളും നാട്ടുകാരും.