അങ്ങാടിപ്പുറം മേൽപ്പാലത്തിലൂടെ ബസുകൾ ഓടിത്തുടങ്ങി
1575091
Saturday, July 12, 2025 5:26 AM IST
പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ നവീകരണത്തിനായി രണ്ടാഴ്ച അടച്ചിട്ട അങ്ങാടിപ്പുറം മേൽപാലത്തിലൂടെ ബസുകൾ ഓടി തുടങ്ങി. ഇന്നലെ രാവിലെ മുതൽ എല്ലാ വാഹനങ്ങൾക്കുമായി റോഡ് തുറന്നു കൊടുത്തു.
അതേസമയം ഭാരം കൂടിയ ചരക്കുവാഹനങ്ങൾക്കു രാവിലെ 8.30 മുതൽ 10.30 വരെയും വൈകിട്ട് മൂന്നു മുതൽ അഞ്ചു വരെയും മേൽപാലത്തിലൂടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. നവീകരണം കഴിഞ്ഞ ഉടൻ ചെറിയ വണ്ടികൾക്കായി അഞ്ചു മുതൽ മേൽപാലം തുറന്നു നൽകിയിരുന്നു. നവീകരിച്ച ഭാഗം ബലപ്പെടുത്തുന്നതിനായി ബസുകളുടെയും ഭാരവാഹനങ്ങളുടെയും നിയന്ത്രണം തുടരുകയായിരുന്നു.
യാത്രക്കാർ ഇതുമൂലം ഏറെ പ്രയാസം അനുഭവിച്ചിരുന്നു. ബസുകളിലേറെയും അങ്ങാടിപ്പുറം വരെയെത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തു തിരിച്ചു പോവുകയായിരുന്നു. പെരിന്തൽമണ്ണ മുതൽ അങ്ങാടിപ്പുറം വരെയും ബസ് സർവീസ് നടത്തിയിരുന്നു. ഇതിനിടയിലുള്ള ഭാഗത്ത് കാൽനട യാത്രയോ ഓട്ടോറിക്ഷകളോ ആയിരുന്നു യാത്രക്കാർക്ക് ആശ്രയം.
മങ്കട സി.എച്ച്. സെന്ററിന്റെ വാഹനം ബസ് സർവീസ് ഇല്ലാത്ത ഭാഗത്ത് യാത്രക്കാരെ സൗജന്യമായി കൊണ്ടുപോയിരുന്നത് ആശ്വാസമായിരുന്നു. നവീകരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത പരിഷ്കരണങ്ങൾ വ്യാപാരികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്. കൂടുതൽ പഠനം നടത്തിയ ശേഷമേ ഇനി പരിഷ്കാരങ്ങൾ നടപ്പാക്കുകയുള്ളൂ.