വീടുകയറി അക്രമം; മൂന്നു പേർ അറസ്റ്റിൽ
1575092
Saturday, July 12, 2025 5:26 AM IST
പരപ്പനങ്ങാടി: വീട്ടിലേക്കുള്ള വഴിയെ ചൊല്ലിതർക്കത്തെ തുടർന്ന് വീട് കയറി അക്രമം നടത്തിയ മൂന്നു പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി സ്വദേശി കട്ടുന്റെ പുരക്കൽ ഉസ്മാന്റെ മകൻ ഉബൈസ് (30), കട്ടുന്റെ പുരക്കൽ കമ്മദാലി മകൻ ഉസ്മാൻ (59), കട്ടുവിന്റെ പുരക്കൽ ഉസ്മാൻ മകൻ നബീൽ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ ഉണ്ടായിരുന്ന വഴി തർക്കത്തെ തുടർന്നു ചെട്ടിപ്പടി കാരക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനു സമീപം മാഞ്ചേരി മുരളീധരന്റെ വീട്ടിൽ കയറി അക്രമം നടത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. വീട്ടിൽ കത്തിച്ചുവച്ച നിലവിളക്കും കിണ്ടിയും എടുത്തു തന്നെയും ഭാര്യയെയും മകനെയും മർദിക്കുകയായിരുന്നുവെന്നു മുരളീധരൻ പറഞ്ഞു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പ്രതികളായ ഉസ്മാന്റെ പരാതിയിൽ മുരളീധരനെതിരെയും മകൻ രഞ്ജിത്തിനെതിരെയും കേസ് എടുത്തതായി പരപ്പനങ്ങാടി പോലീസ് പറഞ്ഞു.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ഒന്നാം ഡിവിഷൻ കൗണ്‍സിലർ കെ.പി. മുഹ്സിനക്കെതിരെയും കേസ് എടുത്തതായി പോലീസ് അറിയിച്ചു. പ്രതികളായ ഉബൈസ്, ഉസ്മാൻ, നബീൽ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. മുരളീധരന്റെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ കേസിനു കൂടുതൽ തെളിവ് ലഭിക്കാനായി എന്നും പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂർ പറഞ്ഞു.