മഞ്ചേരി ജനറൽ ആശുപത്രി താനൂരിലേക്ക് മാറ്റൽ: നിർണായക യോഗം നാളെ
1575274
Sunday, July 13, 2025 5:57 AM IST
മഞ്ചേരി : മഞ്ചേരി ശിഹാബ് തങ്ങൾ മെമ്മോറിയൽ ജനറൽ ആശുപത്രി താനൂരിലേക്ക് മാറ്റുന്നത് സംബന്ധിച്ചുള്ള നിർണായക തീരുമാനം നാളെ നടക്കുന്ന ഓണ്‍ലൈൻ യോഗത്തിൽ ഉണ്ടായേക്കും.
ഹെൽത്ത് സർവീസ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർ, മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട് എന്നിവരോട് കന്പൈൻഡ് മീറ്റിംഗ് നടത്തി യുക്തമായ തീരുമാനമെടുക്കണമെന്ന് ഇക്കഴിഞ്ഞ അഞ്ചിന് അഡീഷണൽ ചീഫ് സെക്രട്ടറി അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം നടക്കുന്നത്. മഞ്ചേരി ഗവണ്മെന്റ് ജനറൽ ആശുപത്രി 2014ൽ മെഡിക്കൽ കോളജായി ഉയർത്തിയെന്നും നിലവിൽ മഞ്ചേരിയിൽ ജനറൽ ആശുപത്രിയില്ലെന്നും ഇവിടെയുണ്ടായിരുന്ന ഡോക്ടർമാരെയും ജീവനക്കാരെയും ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയതായും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
തീരദേശ മേഖലയിലെ രോഗികൾ ചികിത്സക്കായി ഏറെ പ്രയാസപ്പെടുന്നുവെന്നും ആയതിനാൽ താനൂർ താലൂക്ക് ആശുപത്രി അപ്ഗ്രേഡ് ചെയ്യണമെന്ന മന്ത്രി വി. അബ്ദുറഹിമാന്റെ അപേക്ഷ നിലനിൽക്കുന്നതായും കത്തിൽ പറയുന്നു.
ജനറൽ ആശുപത്രി മഞ്ചേരിയിൽ നിന്ന് മാറ്റുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ പദ്ധതി തയാറാക്കി സമർപ്പിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഹെൽത്ത് സർവീസ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകി.
എന്നാൽ ജനറൽ ആശുപത്രി മഞ്ചേരിയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതി കണ്‍വീനർ ഷൈൻ സത്യൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ സർക്കാരിന് അടിയന്തര തീരുമാനം എടുക്കാനാകുമോ എന്നകാര്യവും പരിശോധിക്കേണ്ടതുണ്ട്.