പട്ടിക്കാട്, ചിറമംഗലം റെയിൽവേ മേൽപ്പാലത്തിന് ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി
1575980
Tuesday, July 15, 2025 8:00 AM IST
മലപ്പുറം: ജില്ലയിലെ പട്ടിക്കാട്, ചിറമംഗലം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി. നിലന്പൂർ-ഷൊർണൂർ റൂട്ടിലുള്ള പട്ടിക്കാട് ഓവർ ബ്രിഡ്ജിന് ആകെ 1.0500 ഹെക്ടർ ഭൂമിയാണ് ആവശ്യം. ഇതിൽ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള 0.1803 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ബാക്കി 0.8697 ഹെക്ടർ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. ഇതും വൈകാതെ ഏറ്റെടുക്കും. 3,84,28567 രൂപ കക്ഷികൾക്ക് നൽകി.
താനൂർ-പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വരുന്ന ചിറമംഗലം മേൽപ്പാലത്തിന് മൊത്തം ആവശ്യം 0.6614 ഹെക്ടർ ഭൂമിയാണ്. ഇതിൽ സ്വകാര്യവ്യക്തികളുടെ ഉമടസ്ഥതയിലുള്ള 0.4462 ഹെക്ടർ ഭൂമി ഏറ്റെടുത്തു. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ഉടൻ ഏറ്റെടുക്കും. 4,19,61,674 രൂപയാണ് മൊത്തം വിതരണം ചെയ്തത്. കെ-റെയിൽ നിർമിക്കുന്ന നിലന്പൂർ യാർഡ് റെയിൽവേ അണ്ടർ ബ്രിഡ്ജിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്.
സംസ്ഥാനത്തുടനീളം 66 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമാണ ചുമതല കെ-റെയിലിനാണ്. തിരുവനന്തപുരം ജില്ലയിലെ കരമന, കണ്ണൂർ ജില്ലയിലെ ഏഴിമല എന്നീ റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു.