ജീവനും സ്വത്തിനും ഭീഷണിയായി വന്യമൃഗങ്ങൾ
1575995
Tuesday, July 15, 2025 8:06 AM IST
കാളികാവ്: കാട്ടാനയുടെ ആക്രമണമുണ്ടായ ചോക്കാട് നാല്പത് സെന്റ് ആദിവാസി നഗറിലെ സൊസൈറ്റിയുടെ ഭൂമിയിലെ കാട് വെട്ടിത്തെളിക്കണമെന്ന ആവശ്യത്തിന് പരിഹാരമായില്ല. റബർ മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും റീ പ്ലാന്റിംഗ് നടത്താത്തതാണ് വലിയ തോതിൽ അടിക്കാട് വളർന്ന് വനമായി മാറാൻ കാരണം. ചോക്കാട് നാല്പത് സെന്റ് ആദിവാസി നഗറിലെ ഏക്കർക്കണക്കിനു ഭൂമി ആദിവാസികളുടെ ക്ഷേമത്തിനുവേണ്ടി സ്ഥാപിച്ച സൊസൈറ്റിയാണ് കൈകാര്യം ചെയ്യുന്നത്.
ആദിവാസികൾക്ക് നിത്യവരുമാനത്തിനായുള്ള റബർ തോട്ടമാണ് ഇപ്പോൾ വലിയ തോതിൽ കാടായി കിടക്കുന്നത്. കൊട്ടൻ ചോക്കാടൻ മലവാരത്തിന് താഴെയുള്ള ഭൂമി വനമായി മാറിയ അവസ്ഥയിലാണ്. ആദിവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടും സൊസൈറ്റി സെക്രട്ടറി കാട് വെട്ടിമാറ്റുന്നത് പരിഗണിക്കുന്നില്ലെന്നാണ് പരാതി.
ഏതാനും വർഷങ്ങളായി സൊസൈറ്റി ഭരിക്കുന്നത് സെക്രട്ടറി മാത്രമാണ് എന്നാണ് ആദിവാസികൾ പറയുന്നത്. റബർ മരങ്ങൾ മുറിച്ചുമാറ്റി റീ പ്ലാന്റിംഗ് നടത്താതെ തരിശായി ഇട്ടതാണ് വലിയതോതിൽ കാട് വളരാൻ ഇടയായത്. ഈ കാട്ടിലൂടെയാണ് കാട്ടാനകൾ കോളനിയിലേക്ക് എത്തുന്നത്. തൊട്ടടുത്ത് നിന്നാൽ പോലും കാട്ടാനകളെ കാണാൻ കഴിയാത്ത വിധം കാടായിട്ടും സൊസൈറ്റി സെക്രട്ടറി നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
കഴിഞ്ഞദിവസം ആദിവാസി നഗറിൽ കാട്ടാന ഇറങ്ങിയത് കാണാനെത്തിയ എ.പി. അനിൽകുമാർ എംഎൽഎയോടും ആദിവാസികൾ പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വനംവകുപ്പും ഗ്രാമപഞ്ചായത്തും പോലീസും എല്ലാം ഇടപെട്ട് ആദിവാസികളുടെ സുരക്ഷയ്ക്കായി സൊസൈറ്റി ഭൂമിയിലെ കാട് വെട്ടിക്കുന്നതിന് ഇടപെടൽ നടത്തണമെന്നാണ് ആദിവാസികളുടെ ആവശ്യം.