റോഡിലെ കുഴികളിൽ വീണ് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു
1575987
Tuesday, July 15, 2025 8:06 AM IST
എടക്കര: വ്യത്യസ്ത അപകടങ്ങളിൽ റോഡിലെ കുഴികളിൽ വീണ് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട്- നിലന്പൂർ-ഊട്ടി റോഡിൽ രണ്ട് അപകടങ്ങളിലായി രണ്ട് പേർക്ക് പരിക്കേറ്റത്.
ഇവർ എടക്കര സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെത്തുടർന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കുഴി നികത്തി പ്രതിഷേധിച്ചു. എടക്കര മുസ്ലിയാരങ്ങാടിയിൽ ഞായറാഴ്ച രാത്രി പത്തിനും പതിനൊന്നരക്കും ഇടയിലാണ് അപകടം. മഴ ശക്തമായതോടെ കെഎൻജി റോഡിൽ രൂപപ്പെട്ട കുഴിയാണ് അപകടക്കെണിയായി മാറിയത്.
വെള്ളം കെട്ടിനിന്നത് കാരണം ബൈക്ക് യത്രക്കാർക്ക് കുഴികൾ അറിയാൻ കഴിഞ്ഞില്ല. ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. കാരപ്പുറം, മഞ്ചേരി സ്വദേശികൾക്കാണ് പരിക്കേറ്റത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഇവരെ എടക്കര സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ നിയാസ് എടക്കര, ശാമിൽ ബാർബർമുക്ക്, കെ.പി. ദിൽഷാദ്, സജാദ്, ഹർഷദ് എന്നിവരുടെ നേതൃത്വത്തിൽ കുഴി കോണ്ക്രീറ്റ് ചെയ്ത് താൽകാലിക പരിഹാരം കണ്ടെത്തി.