എംഎൽഎ ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി
1575986
Tuesday, July 15, 2025 8:06 AM IST
മങ്കട: മങ്കട നിയോജക മണ്ഡലം എംഎൽഎയുടെ വികസന അനാസ്ഥക്കെതിരേ സിപിഎം മങ്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാങ്ങരയിലെ മഞ്ഞളാംകുഴി അലി എംഎൽഎയുടെ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെന്പറും മുൻ എംഎൽഎയുമായ വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം അഡ്വ. ടി.കെ. റഷീദലി അധ്യക്ഷത വഹിച്ചു.
മണ്ഡലം നേരിടുന്ന വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സ്ഥലം എംഎൽഎ സർക്കാരിനെ പഴിചാരുന്നത് അപഹാസ്യമാണെന്നും അങ്ങാടിപ്പുറത്തെ അതിരൂക്ഷമായ
ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ജനപ്രതിനിധി എന്ന നിലയിൽ സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കണമെന്നും ശശികുമാർ ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. രമേശൻ, പി.കെ. അബ്ദുള്ള നവാസ്, സിപിഎം മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ, വി.പി. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു. മങ്കട ഏരിയാ കമ്മിറ്റി അംഗങ്ങളായ എ. ഹരി, കെ.ടി. നാരായണൻ, സി. സജി, പി. പദ്മജ, പി.പി. സുഹറാബി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.