ഓട്ടിസം ബാധിച്ച ആറു വയസുകാരനെ മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ
1575991
Tuesday, July 15, 2025 8:06 AM IST
പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരനായ ആറുവയസുകാരനെ ശാരീരികമായി മർദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപികയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. നിലന്പൂർ വടപുറം സ്വദേശി ഉമൈറയാണ് (34) അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇവർ തിങ്കളാഴ്ച രാവിലെ ഒന്പതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് എരവിമംഗലത്തെ ഭർത്താവിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
സംഭവത്തിൽ ജൂലൈ രണ്ടിന് ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തിരുന്നു. കുട്ടിയുടെ മാതാവ് മരിച്ച ശേഷം കോടതി വിധി പ്രകാരം ഇടയ്ക്ക് മാതാവിന്റെ കുടുംബത്തിനും കുട്ടിയെ വിട്ടു നൽകിയിരുന്നു. ഇവിടെ വച്ചാണ് കുട്ടിയുടെ ദേഹത്ത് മർദനത്തിന്റെ പാടുകൾ കാണുന്നത്.
കുട്ടിയെ രണ്ടാനമ്മ പട്ടിണിക്കിട്ടതായും പൊള്ളൽ ഏൽപ്പിച്ചതായും കാണിച്ച് മാതാവിന്റെ കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്ത് അമീറ ഒളിവിൽ പോവുകയായിരുന്നു.