കാട്ടുപന്നിയുടെ ജഡാവശിഷ്ടം കണ്ടെത്തി: കടുവ പേടിയിൽ വീണ്ടും മലയോരം
1575636
Monday, July 14, 2025 5:18 AM IST
കരുവാരകുണ്ട്: മലയോര ജനതയെ ഒന്നാകെ പരിഭ്രാന്തിയിലാഴ്ത്തിയ കടുവ കൂട്ടിൽ അകപ്പെട്ടിട്ടും കടുവ പേടിയൊഴിയുന്നില്ല. കഴിഞ്ഞദിവസം കേരള എസ്റ്റേറ്റ് മഞ്ഞൾപാറ അമ്പതേക്കറിൽ പാതി ഭക്ഷിച്ച കാട്ടുപന്നിയുടെ ജഡാവശിഷ്ടം കണ്ടെത്തിയതോടെയാണ് ജനങ്ങളുടെ ഭീതി വീണ്ടും വർധിച്ചത്.
കൂട്ടിൽ അകപ്പെട്ട കടുവയ്ക്ക് പുറമേ കൂടുതൽ കടുവകൾ പ്രദേശത്ത് ഉണ്ടെന്നും കടുവകൾക്ക് പുറമെ പുലി, കരടി, ചെന്നായ എന്നിവയുടെ സാന്നിധ്യവും മലയോര മേഖലകളിൽ ഉണ്ടെന്നും തൊഴിലാളികളിൽ ചിലർ പറഞ്ഞിരുന്നു. ഇവരുടെ പ്രചാരണം സത്യമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടെത്തിയതോടെ ബോധ്യമാകുന്നത്.
കടുവ കൂട്ടിൽ അകപ്പെട്ട തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രദേശത്തെ തൊഴിലാളികൾ കടുവകളെ കണ്ടിരുന്നതായി അവകാശപ്പെട്ടിരുന്ന. എന്നാൽ തോട്ടം ഉടമകളും അധികൃതരും ഇത്തരം പ്രചരണങ്ങളെ നിഷേധിക്കുകയാണ് ചെയ്തത്.
കടുവ കൂട്ടിലായെങ്കിലും കൂടുതൽ അപകടകാരികളായ വന്യമൃഗങ്ങൾ പ്രദേശത്ത് ഉണ്ടെന്ന് തൊഴിലാളികൾ പറഞ്ഞതോടുകൂടി തൊഴിൽ മേഖല ഇപ്പോഴും പൂർണമായും സജീവമായിട്ടില്ല. കടുവ പേടിയിൽ പലയിടങ്ങളിലും റബർ എസ്റ്റേറ്റുകൾ വൻതോതിൽ കാടുമൂടി കിടക്കുകയാണ്. റബറിനു പുറമേ തെങ്ങ്, കമുക്, ജാതി, കൊക്കോ തുടങ്ങിയ കൃഷിത്തോട്ടങ്ങളിലും സമാന അവസ്ഥയാണുള്ളത്.
ഒരു പെൺ കടുവയെ പിടികൂടി ചികിത്സക്കായി കൊണ്ടുപോയെങ്കിലും കടുവയ്ക്ക് വേണ്ടി സ്ഥാപിച്ച കൂടുകളും കാമറകളും മാറ്റരുതെന്നും ദൗത്യ സംഘത്തിന്റെ നിരീക്ഷണം പ്രദേശത്ത് ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
ആവശ്യം ഉന്നയിച്ച് മലയോര സംരക്ഷണ സമിതി വനംവകുപ്പ് മേധാവികളെ നേരിൽ കാണുകയും അവരിൽനിന്ന് ഉറപ്പു വാങ്ങിക്കുകയും ചെയ്തിരുന്നു. കാട്ടുപന്നിയുടെ ജഡാവശിഷ്ടം കണ്ടെത്തിയതോടെ ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.