ജനവാസ മേഖലയിലൂടെ പകൽ സമയത്ത് തീറ്റ തേടി കരടി
1575655
Monday, July 14, 2025 5:59 AM IST
ടികെ കോളനിയിലാണ് വീണ്ടും ഭീതി പരത്തി കരടിയുടെ പകൽ സഞ്ചാരം
പൂക്കോട്ടുംപാടം: ജനവാസ മേഖലയിലൂടെ പകൽ സമയത്തും തീറ്റ തേടിയിറങ്ങി കരടി. അമരമ്പലം പഞ്ചായത്തിലെ ടികെ കോളനി ആന്റണിക്കാട്ടിലാണ് വൈകുന്നേരം ജനവാസ മേഖലയിലൂടെ കരടി തീറ്റ തേടി ഇറങ്ങിയത്.
രണ്ടുമസത്തിലധികമായി പ്രദേശത്ത് രാത്രിയിലെത്തി നാശനഷ്ടം വരുത്തിയിരുന്ന കരടി പകൽ സമയത്തുമെത്തി തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ കൂടുതൽ ഭീതിയിലായി. ശനിയാഴ്ച വൈകുന്നേരമാണ് മേനോൻപറമ്പിൽ ജെറീഷിന്റെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലേക്ക് പൂക്കോട്ടുംപാടം ടികെ കോളനിറോഡ് മുറിച്ചുകടന്ന് കരടിയെത്തിയത്.
കൃഷിയിടത്തിലൂടെ ഭയമില്ലാതെ സഞ്ചരിച്ച കരടി ചിതൽ കൂട് നശിപ്പിച്ച് അതിൽ നിന്ന് ചിതലിനെ ഭക്ഷിച്ചുവെന്നും ജെറീഷ് പറഞ്ഞു. ഇതിനിടയിൽ കരടിയുടെ ചിത്രം ജെറീഷ് പകർത്തി. വിവരമറിയിച്ചതിനെ തുടർന്ന് വനം ആർആർടി ജീവനക്കാരും സ്ഥലത്തെതി പരിശോധിച്ചപ്പോഴും കൃഷിയിടത്തിൽ കരടിയെ കണ്ടു. തുടർന്ന് റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിർത്താണ് കരടിയെ ഓടിച്ചുവിട്ടത്.
മാസങ്ങളായി പ്രദേശത്തുള്ള അമ്പലങ്ങളിലെത്തി പൂജദ്രവ്യങ്ങളായ എണ്ണ, നെയ്യ്, ശർക്കര എന്നിവ ഭക്ഷിച്ച് മടങ്ങുന്നത് പതിവായിരുന്നു. ഒപ്പം ചില വീടുകൾക്ക് ഉള്ളിലടക്കം കരടി കയറാൻ ശ്രമിച്ചിട്ടുമുണ്ടായിരുന്നു. ഇതേ തുടർന്ന് കരടിയെ പിടികൂടാൻ കെണി ഒരുക്കിയിട്ടുണ്ടെങ്കിലും ഇതിൽ കയറാതെ കരടി വീണ്ടും ഭീതി പരത്തി ജനവാസ മേഖലയിലൂടെ നടക്കുകയാണ്.
കൂടുതൽ കെണികൾ സ്ഥാപിക്കണമെന്നും ജനങ്ങളുടെ ഭീതി അകറ്റാൻ അധികൃതരുടെ ഭാഗത്ത് നിന്നും ശക്തമായ നടപടി വേണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം നടത്തുമെന്നും വാർഡ് മെന്പർ വി.കെ ബാലസുബ്രമണ്യൻ പറഞ്ഞു.