നെല്ല് സംഭരണ തുകയും സബ്സിഡിയും ഉടൻ ലഭ്യമാക്കണം: കർഷകസഭ
1576270
Wednesday, July 16, 2025 8:13 AM IST
പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പ്, ആത്മ എന്നിവയുടെയും ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച കർഷകസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു. 2024 -25 വർഷത്തെ നെൽകൃഷി കൂലി ചെലവിലേക്കുള്ള സബ്സിഡിയും നെല്ല് സംഭരിച്ച വകയിൽ സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയും ഉടൻ അനുവദിക്കണമെന്ന് കർഷകസഭ ആവശ്യപ്പെട്ടു.
സംഭരണ വില നൽകാനുള്ളത് സർക്കാരും കൂലി ചെലവിലേക്കുള്ള സബ്സിഡി നൽകാനുള്ളത് ജില്ലാ പഞ്ചായത്തുമാണ്. മനുഷ്യനും കാർഷിക ഉത്പന്നങ്ങൾക്കും പുല്ലുവില കൽപ്പിക്കുകയും അക്രമകാരികളായ വന്യമൃഗങ്ങളെ തടയാനുള്ള മാർഗങ്ങൾ സർക്കാർ അവലംബിക്കാത്തതിലും കർഷകസഭ പ്രതിഷേധിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അങ്ങാടിപ്പുറത്തെ അഗ്രോ സർവീസ് സെന്ററിന് ഗവണ്മെന്റ് തലത്തിലുള്ള ആക്രഡിറ്റേഷൻ ഉടൻ ലഭ്യമാക്കും.
ഇതോടെ വിവിധ പദ്ധതികൾക്ക് ആവശ്യമായ കരാറുകളിൽ ഏർപ്പെടുവാനും വിത്ത്, വളം, തൈ എന്നിവ ക്വട്ടേഷനുകൾ കൂടാതെ സമർപ്പിക്കുവാനും സാധിക്കുമെന്ന് അസിസ്റ്റന്റ് കൃഷി വികസന ഓഫീസർ അറിയിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അധ്യക്ഷത വഹിച്ചു.
കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റിയ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ, പഞ്ചായത്ത് കൃഷി ഓഫീസർമാർ, കർഷകർ എന്നിവർ പങ്കെടുത്തു.