നവീകരിച്ച പെരിന്തൽമണ്ണ ടൗണ്‍ഹാൾ 27ന് തുറക്കും
1576275
Wednesday, July 16, 2025 8:13 AM IST
പെരിന്തൽമണ്ണ: നവീകരിച്ച പെരിന്തൽമണ്ണ മുനിസിപ്പൽ ടൗണ്‍ഹാൾ 27ന് വൈകുന്നേരം നാലിന്മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മൂസക്കുട്ടി സ്മാരക ടൗണ്‍ഹാൾ എന്ന് നാമകരണം ചെയ്തിരുന്ന ടൗണ്‍ഹാളിന് കൗണ്‍സിൽ യോഗ തീരുമാന പ്രകാരം നഗരസഭ മുൻ പ്രസിഡന്റായിരുന്ന കെ.ടി. നാരായണന്റെ പേരാണ് നൽകിയിട്ടുള്ളത്.
പണമില്ലാതെ നിർമാണ പ്രവൃത്തി നിലച്ചിരുന്ന ടൗണ്‍ഹാൾ പിന്നീട് നഗരസഭ വായ്പ എടുത്താണ് പദ്ധതി പൂർത്തിയാക്കിയത്. ഓഡിറ്റോറിയം പൂർത്തിയാകുന്നതോടെ പൊതുപരിപാടികൾക്ക് നൽകാനുള്ള നിരക്കും നഗരസഭ തീരുമാനിച്ചു. ഇതുപ്രകാരം വിവാഹങ്ങൾക്ക് എസി ഹാളിന് 55,000 രൂപയും നോണ്‍ എസിക്ക് 40,000 രൂപയും വാടക ഈടാക്കും.
പട്ടികജാതി- വർഗം, ബിപിഎൽ കുടുംബങ്ങൾക്ക് നോണ്‍ എസിക്ക് 30,000 രൂപ നൽകിയാൽ മതി. ആറ്മണിക്കൂർ നേരത്തേക്കുള്ള മറ്റു ഉപയോഗങ്ങൾക്ക് എസിക്ക് 20,000 രൂപയും നോണ്‍ എസിക്ക് 15,000 രൂപയുമാണ് വാടക. രാഷ്ട്രീയ പാർട്ടികൾക്കും സർവീസ് സംഘടനകൾക്കും മറ്റും എസിക്ക് 15,000 രൂപയും നോണ്‍ എസിക്ക് 10,000 രൂപയും നൽകണം. ഭക്ഷണഹാൾ ഉൾപ്പെടെ ആകുന്പോൾ എസിക്ക് 5000 രൂപയും നോണ്‍ എസിക്ക് 3500 രൂപയും അധികചാർജ് ഈടാക്കും. ഇതു സംബന്ധിച്ച് നഗരസഭാ കൗണ്‍സിലിന് യുക്തമായ തീരുമാനങ്ങൾ എടുക്കാമെന്നും നിയമാവലിയിൽ വ്യവസ്ഥയുണ്ട്.