പോഷക ഭക്ഷണത്തിന്റെ മറവിൽ കോർപറേറ്റ് സ്ഥാപനങ്ങളുടെ കിടമത്സരം
1576278
Wednesday, July 16, 2025 8:13 AM IST
തേഞ്ഞിപ്പലം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പോഷക ഉത്പന്നങ്ങളുടെ വിൽപ്പന സജീവമാക്കാൻ കിടമത്സരം നടത്തുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ.
ആരോഗ്യജീവിതത്തിലേക്കുള്ള ‘ന്യൂട്രീഷ്യൻ ഡയറ്റുകൾ’ എന്ന പേരിൽ മണിചെയിൻ മാതൃകയിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് കന്പനികളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ബന്ധപ്പെട്ട അധികൃതർ നിരീക്ഷണം തുടരുന്നത്.
തടി കുറക്കാമെന്നും മറ്റും പ്രലോഭിപ്പിച്ച് വൻ തുക ജനങ്ങളിൽ നിന്ന് ഈടാക്കുകയാണ് ഇത്തരത്തിലുള്ള കോർപ്പറേറ്റ് കന്പനികൾ. വലിയ ഡിസ്ക്കൗണ്ട് തുകക്ക് ലഭ്യമാകുന്നു എന്നതിനാൽ ആ ഉത്പന്നങ്ങളുടെ ലൈസൻസിയായി മാറുന്നവരുമുണ്ട്.
പ്രോട്ടീൻ പൗഡർ, വിറ്റമിൻ ഡ്രിങ്ക്സ് പോലുള്ള ഉത്പന്നങ്ങൾ അശാസ്ത്രീയമായി ഉപയോഗിക്കുന്നതിലൂടെ വൃക്ക തകരാർ, ലിവർ സിറോസിസ് പോലുള്ള ഗുരുതര രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്പോഴും പലരും ഇതിന്റെയെല്ലാം കെണിയിൽപ്പെടുകയാണ്.
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ മേൽനോട്ടത്തിൽ കടകളിൽ മാത്രമേ ഇത്തരം ഉത്പന്നങ്ങൾ വിൽക്കാൻ പാടുള്ളൂവെന്നിരിക്കെ അതൊന്നുമില്ലാതെ എഫ്എസ്എസ്എഐയുടെ വിൽപ്പന രജിസ്ട്രേഷനിൽ മാത്രമായി ഇത്തരം കോർപ്പറേറ്റ് ന്യൂട്രീഷ്യൻ ഫുഡ് ലൈസൻസികൾ പ്രവർത്തിക്കുകയാണ്.
ഓരോ ഉത്പന്നത്തിനും ഉപയോഗിക്കാൻ അംഗീകാരം നൽകുന്ന ‘പ്രൊഡക്ട് അപ്രൂവൽ സർട്ടിഫിക്കറ്റ്’ വേണം. എന്നാൽ ഭൂരിഭാഗത്തിനും ഇവയില്ല. വീടുകളിൽ പോലും ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പറയുന്നു. ന്യൂട്രി ഫുഡ്സ് പ്രചാരണത്തിൽ ഇത്തരം അവകാശവാദങ്ങൾ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷ നിയമം നിഷ്കർഷിക്കുന്നുണ്ട്. ഇവ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഇത്തരം ന്യൂട്രി-ഹെൽത്ത് ഡ്രിങ്ക് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.