ഇന്ന് കുറ്റ്യാടിയിൽ കർഷക ഐക്യവേദിയുടെ മാർച്ച് നടത്തും
1246427
Tuesday, December 6, 2022 11:45 PM IST
കുറ്റ്യാടി: കർഷക ഐക്യവേദിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കുറ്റ്യാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തും.
രൂക്ഷമായ വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെയും കാർഷിക വിളകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കർഷകർ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. വന്യമൃഗ സംരക്ഷണത്തിന് വനം വന്യമൃഗ സംരക്ഷണ വകുപ്പ് കാണിക്കുന്ന ജാഗ്രത പോലും കാട്ടുമൃഗ ശല്യം നേരിടുന്ന കർഷകരോട് അധികാരികൾ കാണിക്കുന്നില്ല.
കർഷകന്റെ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കാട്ടിൽ തന്നെ നിലനിർത്തുന്നതിന് ആവശ്യമായ അടിയന്തര നടപടികളാണ് വനവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
ഇക്കഴിഞ്ഞ ദിവസമാണ് വിലങ്ങാട് പാലൂർഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങി കർഷകരുടെ കൃഷി നശിപ്പിച്ചത്.
അതേപോലെതന്നെ കരിങ്ങാട് , പൊയിലൊഞ്ചാൽ, ചൂരണി തുടങ്ങിയ പ്രദേശങ്ങളിലുംകാട്ടാനയുടെ ശല്യം കൃഷിക്കാർ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആനയും പന്നിയും കുരങ്ങും മുള്ളൻ പന്നിയും ഒക്കെ തന്നെ കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനേ കർഷകന് കഴിയുന്നുള്ളൂ.
കൃഷി ഉപജീവനമാക്കിയിട്ടുള്ള കർഷകരെ സംബന്ധിച്ചെടുത്തോളം ജീവിതവും ജീവനുമാണ് നഷ്ടപ്പെടാൻ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കർഷക ഐക്യവേദിയുടെ നേതൃത്വത്തിൽ കർഷകർ ഇന്ന് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്.
ഈ സമരം കർഷക ഐക്യവേദി ചെയർമാൻ ദിനേശ് വളപ്പിൽ ഉദ്ഘാടനം ചെയ്യുമെന്ന് കൺവീനർ കെ. ബാബുരാജ് അറിയിച്ചു.