അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ്: ജനകീയ കമ്മിറ്റി രൂപീകരിച്ചു
1265500
Monday, February 6, 2023 11:23 PM IST
കോടഞ്ചേരി: അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിന്റെ നിർമാണത്തിലെ കാലതാമസം പരിഹരിക്കുന്നതിനും, ജലജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലെ അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ട് മുറംപാത്തി അങ്ങാടിയിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു.
അഞ്ചുവർഷത്തോളമായി റോഡ് നിർമാണത്തിന്റെ പേരിൽ നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിന് യോഗം വിമർശിച്ചു. റോഡ് നിർമാണത്തിൽ അലംഭാവം കാട്ടിയ മുൻ കരാർ കമ്പനിയായ നാഥ് കൺസ്ട്രക്ഷൻ നിർമാണ കരാറിൽ നിന്നും നീക്കം ചെയ്ത ശേഷം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി റോഡ് നിർമാണം ഏറ്റെടുത്തിരുന്നു. എന്നാൽ ജലജീവൻ മിഷൻ പദ്ധതിയുടെ പേരിൽ സൊസൈറ്റി ഉപരിതലം നിരപ്പാകുന്നത് ഉൾപ്പെടെയുള്ള ജോലികൾ നിർത്തിവയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ജലജീവൻ പദ്ധതിയുടെ പൈപ്പിടിയിൽ മൂലം നിലവിൽ ടാറിംഗ് നിർവഹിച്ച പ്രദേശങ്ങൾ ഉൾപ്പെടെ വീണ്ടും പൊളിക്കുന്ന സാഹചര്യം ഉദ്യോഗസ്ഥരുടെയും ഭരണ നിർവഹണ സംവിധാനത്തിന്റെയും പിഴവാണെന്ന് യോഗം വിലയിരുത്തി. ജനകീയ കമ്മിറ്റി പ്രവർത്തനങ്ങൾക്കായി 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ലിബിൻ ബേബിയെ ചെയർമാനായും ജലീൽ പാലായിൽ കൺവീനറായും സിദ്ദിഖ് കാഞ്ഞിരാടൻ ട്രഷററായും തെരഞ്ഞെടുത്തു.