മുക്കം: കോഴിക്കോട്-വയനാട് ജില്ലകളുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ചുരത്തിലെ ഗതാഗത തിരക്ക് കുറക്കുന്നതിനുമായി വിഭാവനം ചെയ്യുന്ന വയനാട് റോപ്പ് വേ കേബിൾ കാർ പ്രൊജക്റ്റ് നടപ്പിലാക്കുന്നതിന് ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യോഗം തത്വത്തിൽ അനുമതി നൽകി.
താമരശേരി ചുരത്തിന് സമാന്തരമായി നടപ്പിലാക്കുന്ന പദ്ധതി വികസന രംഗത്തും വിനോദ സഞ്ചാര മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കും. അടിവാരം മുതൽ ലക്കിടി വരെ 3.675 കിലോമീറ്റർ ദൂരത്തിലാണ് നിർദിഷ്ട റോപ് വേ പദ്ധതി തയാറാക്കുക. മണിക്കൂറിൽ 400 പേർക്ക് യാത്ര ചെയ്യാവുന്നതും ആറ് സീറ്റുകൾ ഉള്ളതുമായിരിക്കും കേബിൾ കാറുകൾ.
അടിവാരത്തിനും ലക്കിടിക്കുമിടയിൽ നാൽപതോളം ടവറുകൾ സ്ഥാപിച്ചാണ് റോപ് വേ തയാറാക്കുക. 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെയുള്ള സമയത്തിനുള്ളിൽ ഒരു വശത്തേക്കുള്ള യാത്ര പൂർത്തിയാക്കാനാവും. ചുരത്തിന്റെയും വനത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനാവുന്ന കേബിൾ കാർ, യാത്രകൾക്ക് കൂടി പ്രയോജനപ്പെടുത്താം. അതുവഴി വഴി ചുരത്തിലെ തിരക്ക് കുറയ്ക്കാനാകുമെന്നും കണക്കുകൂട്ടുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആകർഷകവുമായ പദ്ധതിയാവും ചുരത്തിൽ നടപ്പിലാക്കുക. ലക്കിടിയിൽ അപ്പർ ടെർമിനലും അടിവാരത്ത് ലോവർ ടെർമിനലും ഉണ്ടാവും. അടിവാരം ടെർമിനലിനോടനുബന്ധിച്ച് പാർക്കിംഗ്, പാർക്ക്, മ്യൂസിയം, കഫ്റ്റീരിയ, ഹോട്ടൽ, ആംഫി തിയേറ്റർ, ഓഡിറ്റോറിയം തുടങ്ങിയവയും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. കോഴിക്കോട്, വയനാട് ഡിടിപിസി, വയനാട് ചേംബർ ഓഫ് കൊമേഴ്സ്, മലബാർ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ പിപിപി അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, കൽപ്പറ്റ എംഎൽഎ ടി. സിദ്ദീഖ്, ടൂറിസം സെക്രട്ടറി ശ്രീനിവാസ്, വയനാട്, കോഴിക്കോട് ജില്ലാ കളക്ടർമാർ, വയനാട് ചേമ്പർ ഓഫ് കോമേഴ്സ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.