ജില്ലാ പഞ്ചായത്തിനു 118,72 കോടിയുടെ ബജറ്റ്
1280055
Thursday, March 23, 2023 12:20 AM IST
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ബ്രാന്‍ഡില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു.നാളികേര ഉല്‍പ്പന്നങ്ങള്‍, ചോക്ളേറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പുറത്തിറക്കുക. സപ്ളൈകോ, സഹകരണ നീതി സ്റ്റോറുകള്‍ എന്നിവ വഴി ഇവ വിപണിയില്‍ എത്തിക്കാനാണ് തീരുമാനം.
ഇക്കൊല്ലത്തെ ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ഇതുള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്കായി 3.75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക ഉല്‍പ്പന്ന വിതരണത്തിനു സംവിധാനം കൊണ്ടുവരും. കഴിഞ്ഞ വര്‍ഷം നടപ്പാക്കിവരുന്ന പദ്ധതികള്‍ക്കൊപ്പം സമഗ്ര നാളികേര വികസനത്തിന് പദ്ധതി രൂപീകരിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.123,92,38,773 രൂപ വരവും 118,72,36,100 രൂപ ചെലവും 5,20,02,673 രൂപ മിച്ചവും വരുന്ന ബജറ്റിന് ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നല്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദനാണ് ബജറ്റ് അവതരിപ്പിച്ചത്. തെരുവുവനായ്ക്കളെ നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ എബസി (ആനിമല്‍ ബര്‍ത്ത് കണ്ട്രോള്) പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. വിവിധ പഞ്ചായത്തുകളില്‍ എബസി സബ് സെന്റര്‍ ആരംഭിക്കും. മൃഗസംരക്ഷണ മേഖലയില്‍ മലബാറി ആടുകളുടെ വര്ഗോധാരണം, പാലിന് സബ്സിഡി, കറവ പശുക്കള്‍ക്ക് കാലിത്തീറ്റ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്.മൃഗസംരക്ഷണ, ക്ഷീര വികസന മേഖലയ്ക്ക് നാലു കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. മത്സ്യ മേഖലയില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ഇക്കോ ടൂറിസം പദ്ധതിയായ 'മത്സ്യ സഞ്ചാരി' കൂടുതല്‍ മെച്ചപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ വ്യാപിപ്പിക്കും. മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് നൈപുണ്യ പദ്ധതി ആവിഷ്കരിക്കും. ഈ മേഖലയ്ക്ക് 41 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.
ദാരിദ്ര്യ ലഘൂകരണത്തിന് ബജറ്റില്‍ 10.91 കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ 4741 അതിദരിദ്രരുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.ദരിദ്രരുടെ വരുമാനം, ആരോഗ്യ രക്ഷ, ജീവനോപാധികള്‍, ഭൗതിക സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള സൂക്ഷ്മ പദ്ധതികളിലൂടെ ദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യം.ഇതിനുള്ള പദ്ധതി രൂപീകരിക്കും. വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ക്ക് ബജറ്റില്‍ പരിഗണന നല്‍കിയിട്ടുണ്ട്. പട്ടിക വര്‍ഗ ജനവിഭാഗത്തിന്റെ വികസനത്തിന് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ 82.38 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടിക വര്‍ഗ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി ഭൂമി, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, തൊഴില്‍, നൈപുണ്യ പരിശീലനം എന്നിവ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, കല, സംസ്കാരം, യുവജനക്ഷേമം എന്നിവയ്ക്കായി 10.55 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ജില്ലാ പഞ്ചായത്ത് ആരംഭിച്ച എഡ്യൂകെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം വരുത്താന്‍ കഴിഞ്ഞതായി ബജറ്റ് അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന് പറഞ്ഞു. പുലര്‍കാലം എന്ന പേരില്‍ നടപ്പാക്കിയ പദ്ധതി കുട്ടികളുടെ ശാരീരിക മാനസിക നിലവാരം ഉയര്‍ത്തുന്നതിനു സഹായിച്ചിട്ടുണ്ട്. പൊതുപരീക്ഷയ്ക്ക് തയാറെടുക്കുന്നതിനുള്ള ഫോട്ടോ ഫിനിഷ് പദ്ധതിയും കുട്ടികളുടെ ബോധന നിലവാരം ഉയര്‍ത്താന്‍ സഹായിച്ചു. സ്കൂളുകളുടെ പശ്ചാത്തല വികസനം ഉള്‍പ്പെടെ 139 പദ്ധതികള്‍ വിദ്യാഭ്യാസ ഖേലയില്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്.
യുവജനക്ഷേമ മേഖലയിലും കായിക മേഖലയിലും സമഗ്ര പദ്ധതികള്‍ നടപ്പാക്കുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുന്നു.സമൂഹത്തിലുണ്ടാകുന്ന സ്ത്രീ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും പ്രതിരോധിക്കുന്നതിനൊപ്പം ലിംഗ സമത്വമെന്ന വിശാല കാഴ്ചപ്പാടോടെ പദ്ധതികള്‍ ആവിഷ്കരിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനു നടപടി സ്വീകരിക്കും. ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് പുതിയ സംരംഭം എന്ന നിലയ്ക്ക് ഗ്ളൂക്കോസ് നിര്‍മാണ യൂണിറ്റ് ആരംഭിക്കും. വനിതാ വ്യവസായ എസ്റ്റേറ്റിന് അടിസ്ഥാന സൗകര്യം ഒരുക്കും. ഈ മേഖലയ്ക്ക് പത്തു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പ്രത്യേക പരിഗണന അര്ഹിക്കുന്നവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നടപടിയെടുക്കും. തുല്യനീതി ഉറപ്പാക്കും.6.05 കോടി രുപ ഈ മേഖലയ്ക്ക് വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യമേഖലയില്‍ 4.19 കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സമ്പൂര്‍ണ കാന്‍സര്‍ കെയര്‍ പദ്ധതി നടപ്പാക്കും. സ്നേഹസ്പര്‍ശം മാതൃകയതില് മാരക രോഗങ്ങള്‍ പിടിപെട്ടവരെ സഹായിക്കുന്നതിനുള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കാന്‍സര്‍ കെയര്‍ സൊസൈറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ആരോഗ്യ സ്ഥാപനങ്ങള്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സമഗ്ര ആരോഗ്യ പദ്ധതിക്ക് രൂപം നല്‍കുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുന്നു.കുന്നുമ്മലും നരിപ്പറ്റയിലുംജെന്ഡര് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.
വികസനത്തിന്റെ ബജറ്റെന്ന് ഭരണപക്ഷം;
തനിയാവര്‍ത്തനമെന്ന്
പ്രതിപക്ഷം
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ളതാണെന്ന് ഭരണപക്ഷം.എന്നാല്‍, കഴിഞ്ഞ ബജറ്റിന്റെ തനിയാവര്‍ത്തനമാണ് ഇതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സമഗ്ര വികസനമാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്ന് സിപിഎമ്മിലെ രാജീവ പെരുമണ്‍പുറ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്കുവേണ്ടി ജില്ലാ പഞ്ചായത്തും സര്‍ക്കാറും ഇടപെട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിറക്കിയത് സര്‍ക്കാറാണെന്ന് അദ്ദേഹം പറഞ്ഞു. കാന്‍സര്‍ കെയര്‍ പദ്ധതിയും സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററും അഭിമാന പദ്ധതികളാണെന്ന് സിപിഐയിലെ പി.ഗവാസ് പറഞ്ഞു.
ദരിദ്ര വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ബജറ്റിലുണ്ടെന്ന് എന്‍സിപിയിലെ മുക്കം മുഹമ്മദ് വ്യക്തമാക്കി. ഭാവനാശൂന്യമായ ബജറ്റാണെന്നും കഴിഞ്ഞ വര്‍ഷത്തെ പദ്ധതികളുടെ ആവര്‍ത്തനം മാത്രമാണ് ഇതില്‍ ഉള്ളതെന്നും കോണ്‍ഗ്രസിലെ ഐ.പി രാജേഷ് വിമര്‍ശിച്ചു. ഫണ്ടില്ലാത്ത ബജറ്റാണ് പ്രഖ്യാപിക്കപ്പെട്ടത്.
വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കാന്‍ പുതുതായി ഒന്നും തന്നെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പട്ടിക ജാതി വികസനത്തിനുള്‍പ്പെടെ ഒരു പദ്ധതിയും ബജറ്റിലില്ല. മുന്‍ വര്‍ഷത്തെ ബജറ്റിന്റെ ഫോട്ടോ കോപ്പി ആവര്‍ത്തിച്ചിരിക്കുകയാണ് ഇത്തവണയുമെന്ന് മുസ്ലിംലീഗിലെ നാസര്‍ എസ്റ്റേറ്റ് മുക്ക് വിമര്‍ശിച്ചു. ബജറ്റിനു പകരം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണമായി മാറി.
ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ടുകള്‍ അപര്യാപതമാണെന്നും അദ്ദേഹം പറഞ്ഞു. ബോസ് ജേക്കബ്, പി.ടി.എം ഷറഫുന്നിസ, റംസീന നരിക്കുനി, പി.പി. പ്രേമ, സിവിഎം നജ്മ, അംബിക മംഗലത്ത്, റസിയ തോട്ടായി, സി.എം ബാബു,ഇ.ശശീന്ദ്രന്, പി.സുരേന്ദ്രന്,സുരേഷ് മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
45 സ്കൂളുകളില്‍ ഗാന്ധി പ്രതിമ
കോഴിക്കോട്: ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ജില്ലയിലെ 45 സ്കൂളുകളില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കും. ഗാന്ധിയന്‍ ആശയങ്ങളും ചിന്തകളും വിദ്യാര്‍ഥികളുടെ മനസിലേക്ക് സന്നിവേശിപ്പിക്കുന്നതിനാണ് ജില്ലാ പഞ്ചായത്തിന്റെ ബജറ്റില്‍ ഇതിനുള്ള പദ്ധതി തയാറാക്കുന്നത്.
ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷത്തെ മുക്കം മുഹമ്മദാണ് ഗാന്ധിയുടെ പ്രതിമ സ്കൂളുകളില്‍ സ്ഥാപിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. പിന്നീട് ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങളെല്ലാം ഇതിനോട് യോജിക്കുകയായിരുന്നു. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന് അംഗങ്ങളുടെ അഭിപ്രായം അംഗീകരിച്ച് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.യോഗത്തില്‍ പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷയായിരുന്നു.
ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ക്കും നിലവിലുള്ള ജല സ്രോതസുകള്‍ ശുദ്ധീകരിച്ച് സംരക്ഷിക്കുന്നതിനും മാലിന്യ സംസ്കരണത്തിനുമായി 11.9 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
93 സംയുക്ത കുടിവെള്ള പദ്ധതികള്‍ നിലവില്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. ശുചിത്വവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ ടോയ്ലെറ്റുകള്, ശുചിത്വസേന പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്.പ്രാരംഭ നടപടിയെന്ന നിലയ്ക്ക് ഒരു ഗ്രാമപഞ്ചായത്തെങ്കിലും കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ഈ മേഖലയ്ക്ക് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സവിശേഷതകള്‍ മനസിലാക്കി ജെെവവൈവിധ്യ പദ്ധതികള്‍ നടപ്പിലാക്കും. സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് രൂപീകരിച്ച പദ്ധതിക്ക് പാരമ്പര്യേതര ഊര്‍ജ വിഭാഗത്തിന്റെ സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് ഊര്‍ജ മേഖലയ്ക്കായി 32.10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി 12.74 കോടി രൂപ ചെലവഴിക്കും.ജില്ലാ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങള്‍ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പ്രദേശിക കോഴി വളര്‍ത്തുകേന്ദ്രം ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന് പൂര്‍ണമായും ഓണ്‍ലൈന്‍ ഫയല്‍നീക്കം സാധ്യമാക്കും. ഘടകസ്ഥാപനങ്ങളിലെ ഭരണ സംവിധനം മെച്ചപ്പെടുത്തുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.