സിലോൺകടവിൽ സംരക്ഷണഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ
1281012
Saturday, March 25, 2023 11:56 PM IST
തിരുവമ്പാടി: അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ റോഡിൽ സിലോൺ കടവ് പാലത്തിന് സമീപം സംരക്ഷണഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ. പാലത്തിന്റെ പടിഞ്ഞാറു വശത്തെ സംരക്ഷണ ഭിത്തിയാണ് തകർന്നത്.
രണ്ട് വർഷം മുൻപ് ഈ സംരക്ഷണ ഭിത്തി തകർന്നിട്ടും പഴയ കരാറുകാരൻ ഒരു നടപടിയും എടുത്തില്ല. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് പുതിയ കരാർ. എന്നാൽ ഈ ഭാഗത്തെ തകരാർ പരിഹരിക്കാതെയാണ് ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ചെയ്യുന്നത്.
ഇത് റോഡിനു തന്നെ അപകട ഭീഷണി ഉണ്ടാക്കുന്നതാണ്.തറനിരപ്പിൽ നിന്ന് ഏതാണ്ട് ഒന്നര മീറ്റർ ഉയരത്തിൽ നിർമിച്ചിരിക്കുന്ന കോൺക്രീറ്റ് സ്ലാബിന്റെ അടിഭാഗത്തുള്ള കരിങ്കൽ ഭിത്തിയാണ് തകർന്നത്. ഇവിടെ നിന്ന് മുകളിലേക്ക് ഏതാണ്ട് ഒന്നര മീറ്റർ ഉയരത്തിൽ കരിങ്കൽ ഭിത്തിയുടെ ഭാരം ഇപ്പോൾ ഈ കോൺക്രീറ്റ് സ്ലാബിൽ മാത്രമാണ്. ഇത് ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. സംരക്ഷണഭിത്തി തകർന്ന വിടവിലൂടെ വൃക്ഷങ്ങളും വളരാനാരംഭിച്ചിട്ടുണ്ട്. ഇടിഞ്ഞ സംരംക്ഷണ ഭിത്തി പുനസ്ഥാപിച്ച ശേഷം റോഡിന്റെ മറ്റ് പ്ര വൃത്തികൾ പൂർത്തീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.