റോഡ് നവീകരണത്തിനു തടസമായി കെഎസ്ഇബി കേബിൾ ചേംബർ
1281688
Tuesday, March 28, 2023 12:19 AM IST
തിരുവമ്പാടി: അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ റോഡ് നവീകരണത്തിന് തടസമായി കെഎസ്ഇബി അണ്ടർ ഗ്രൗണ്ട് കേബിൾ ചേമ്പർ.
ഈ റോഡിലെ ഇലഞ്ഞിക്കലിനു സമീപം ഏതാണ്ട് നൂറു മീറ്റർ നീളത്തിൽ ഇനിയും ടാർ ചെയ്തിട്ടില്ല.
തമ്പലമണ്ണ നിന്ന് മുത്തേരി വരെയുള്ള ഭൂഗർഭ കേബിളിന്റെ ഈ ഭാഗത്തെ ജംഗ്ഷൻ ചേംബറിന്റെ മുകൾ ഭാഗം റോഡ് നിരപ്പിൽ നിന്ന് ഏതാണ്ട് ഒന്നര അടി ഉയർന്നു നിൽക്കുന്നതാണ് റോഡ് നവീകരണത്തിനു തടസം. കേബിളുമായി ബന്ധപ്പെട്ട് പല ജംഗ്ഷൻ ചേംബറുകളുണ്ടെങ്കിലും ഇവിടെ മാത്രമാണ് ടാറിംഗിന് തടസമായി ഉയർന്നു നിൽക്കുന്നത്.
ഇതിന്റെ ഉയരം കുറച്ചു നൽകണമെന്ന് കെആർഎഫ്ബി അധികൃതർ കെഎസ്ഇബി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേബിളിന്റെ പ്രവൃത്തി കരാറെടുത്ത കമ്പനിയോട് ചേംബറിന്റെ ഉയരം കുറയ്ക്കാൻ കെഎസ്ഇബി നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അടിയന്തരമായി പ്രശ്നം പരിഹരിച്ച് ഏതാണ്ട് അഞ്ച് വർഷമായി തുടരുന്ന യാത്രാ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.