വാശി എന്തിനെന്ന് പ്രതിപക്ഷം, കൗണ്‍സില്‍യോഗം ബഹളമയം
1282721
Friday, March 31, 2023 12:07 AM IST
കോഴിക്കോട്: സോണ്‍ഡ കമ്പനിക്ക് കരാര്‍ പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് കോര്പറേഷന് വാശി എന്തിനെന്ന് പ്രതിപക്ഷം. 2012 നവംബറില്‍ സോണ്‍ഡ കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് കെ.സി ശോഭിത പറഞ്ഞു.
നാല് വര്‍ഷത്തിനിടെ നാല് തവണയാണ് കമ്പനിക്ക് കരാര്‍ പുതുക്കി നല്‍കിയത്. നാല് കൊല്ലം കൊണ്ട് അമ്പത് ശതമാനം മാലിന്യം മാത്രമാണ് കമ്പനിക്ക് നീക്കം ചെയ്യാനായത്. ബാക്കി വരുന്ന 50 ശതമാനം ഒരു മാസം കൊണ്ട് നീക്കം ചെയ്യാന്‍ കഴിയുമെന്ന് അജണ്ടയില്‍ പറയുന്നത് അപ്രായോഗികമാണ്. വിവാദമായ കമ്പിനിക്ക് തന്നെ കരാര്‍ നല്‍കണമെന്ന വാശി കോര്പറേഷന് എന്തിനാണെന്നും ശോഭിത ചോദിച്ചു.
കമ്പനിയുമായുള്ള കരാറുകളെല്ലാം റദ്ദാക്കി സോണ്ടയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണത്തില്‍ വീഴ്ച വരുന്ന പക്ഷം ഗ്രീന്‍ ട്രിബ്യൂണല്‍ പിഴ ഈടാക്കിയാല്‍ അത് സോണ്‍ഡ കൊടുക്കണമെന്നുള്ള അജണ്ടയിലെ നിര്‍ദേശം പരിഹാസ്യമാണെന്ന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ഉപനേതാവ് കെ മൊയ്തീന് കോയ പറഞ്ഞു.
ഇത് ബഹളത്തിന് കാരണമായി. ഇതിനിടെയാണ് യുഡി.എഫ് കൗണ്‍സിലര്‍ പ്രതിഷേധവുമായി അജണ്ട കീറി ഇറങ്ങി പോയത്.ബിജെപി അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തയതോടെ വാദ പ്രതിവാദമായി.
നഷ്ടം സംഭവിച്ചിട്ടില്ലെന്ന്
മേയര്‍
കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന വാദത്തിലുറച്ച് കോര്പറേഷന്.
ബിഡ് തുകയുടെ 65 ശതമാനം തുക 6.5 ഏക്കർ സ്ഥലം ലെഗസി വേസ്റ്റ് നീക്കം ചെയ്ത് വീണ്ടെടുക്കുന്നതിനും ബാക്കി 35 ശതമാനം തുക ക്യാപ്പിംഗിനുമാണ് കരാർ പ്രകാരം വ്യവസ്ഥ ചെയ്തിരുന്നത്. 50 ശതമാനം സ്ഥലം വീണ്ടെടുത്തു കഴിഞ്ഞാൽ കരാർ പ്രകാരം നൽകേണ്ടുന്ന ബിഡ് തുകയുടെ 45 ശതമാനം (3.46 കോട ) മാത്രമാണ് സോൺട ഇൻഫ്രാടെക്-ന് നാളിതുവരെ നൽകിയിട്ടുള്ളത്.
6.5 ഏക്കറിൽ 4.2 ഏക്കർ സ്ഥലം (64 ശതമാനം) ലെഗസി വേസ്റ്റ് നീക്കം ചെയ്ത് വീണ്ടെടുത്തിട്ടുണ്ടെങ്കിലും 50 ശതമാനം സ്ഥലത്തിന് ആനുപാതികമായ തുക മാത്രമേ കോർപറേഷൻ കൗൺസിൽ നൽകിയിട്ടുള്ളൂ.
ഇതിന് പുറമെ എഗ്രിമെന്റ് പ്രകാരം ക്യാപ്പിംഗ് നടത്തേണ്ട 16 മീറ്റർ ഉയരത്തിൽ, 8 മീറ്റർ ഉയരത്തിൽ ക്യാപ്പിംഗ് പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ക്യാപ്പിംഗ് ഇനത്തിൽ തുകയൊന്നും നൽകിയിട്ടില്ലെന്നും മേയര്‍ ഡോ.ബീനാഫിലിപ്പ് വ്യക്തമാക്കി.