കോഴിക്കോട്: ലൈസന്‍സില്ലാതെ ബസ് ഓടിച്ചയാള്‍ പിടിയില്‍. മാവൂർ- കോഴിക്കോട് റൂട്ടിലോടുന്ന കെ എൽ 11 യു 2124 നമ്പർ സിറാജുദ്ദീൻ ബസ് ഓടിച്ച മുക്കം സ്വദേശി മണപ്പാട്ട് അശ്വിൻ സുരേഷ് ആണ് ട്രാഫിക്ക് പോലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്.
ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇന്നലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ പോലീസ് വാഹന പരിശോധനയ്ക്കെത്തിയപ്പോൾ അശ്വിന് സ്റ്റാൻഡിൽ ബസ് നിർത്തി ഓടിക്കളയുകയായിരുന്നു. പിന്നീട് ഇയാളെ പിടികൂടിയപ്പോഴാണ് ലൈസൻസില്ലെന്ന കാര്യം വ്യക്തമായത്. ഇയാൾ കുറേ ദിവസങ്ങളായി ലൈസൻസില്ലാതെ ബസ് ഓടിച്ചിരുന്നതായാണ് അറിയുന്നത്. പിടിച്ചെടുത്ത ബസ് എആർ ക്യാമ്പിലേക്ക് മാറ്റി. ഇന്ന് കോടതിയിൽ ഹാജരാക്കും.