നാദാപുരം: സംസ്ഥാന പാതയിൽ തലശേരി റോഡിൽ പോലീസ് ബാരക്സിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കാൽനട യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാദാപുരം മേഖലയിൽ കെട്ടിട നിർമാണ തൊഴിലാളികളായ വെസ്റ്റ് ബംഗാൾ സ്വദേശികളായ മുഹമ്മദ് അക്കാസ് (26), പിന്റു (24) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കും, കാലിനും, നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച്ച രാവിലെ 7.30 നാണ് അപകടം. നാദാപുരം ഭാഗത്ത് നിന്ന് പാറക്കടവിലേക്ക് പോവുകയായിരുന്ന കാർ റോഡിന്റെ വലത് ഭാഗത്ത് നിന്ന് തെന്നി മാറി ഇടത് വശത്ത് ഫുട്പാത്തിലൂടെ പോവുകയായിരുന്ന ഇരുവരെയും ഇടിച്ച് തെറിപ്പിച്ച ശേഷം റോഡിൽ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. തൊഴിലാളികളെ നാദാപുരം ഗവ. ആശുപത്രിയിലേക്കും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് ഗവ. ആശുപത്രിയിലേക്കും മാറ്റി.