കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വിഭാഗവും ജനറൽ സെക്രട്ടറി എം.ടി. രമേശ് വിഭാഗവും തമ്മിലുള്ള തർക്കം യുവജനസംഘടനയായ യുവമോർച്ചയിലും മൂർച്ഛിക്കുന്നു.
കഴിഞ്ഞ ആഴ്ച്ച ബാലുശേരിയിൽ നടന്ന യുവമോർച്ചയുടെ ജില്ലാ പഠന ശിബിരത്തെ തുടർന്നാണ് ഇരു ഗ്രൂപ്പുകളും തമ്മിലുള്ള തർക്കം മറ നീക്കി പുറത്ത് വന്നത്. പഠന ശിബിരത്തിൽ നിന്ന് കെ. സുരേന്ദ്രൻ പക്ഷക്കാരെ തഴഞ്ഞതോടെയാണ് ഇരു ഗ്രൂപ്പുകളും തമ്മിലുള്ള തർക്കം കൊടുമുടിയിലെത്തിയത്.
പഠനശിബിരത്തിൽ നിന്ന് കെ. സുരേന്ദ്രൻ അനുകൂലികളെ തഴഞ്ഞപ്പോൾ സംസ്ഥാന കമ്മിറ്റിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എം.ടി. രമേശ് പക്ഷക്കാരെ വെട്ടിനിരത്തിയാണ് സുരേന്ദ്രൻ വിഭാഗം കരുത്ത് കാട്ടിയത്. പഠനശിബിരത്തിലേക്ക് കോഴിക്കോട് ജില്ലക്കാരൻ കൂടിയായ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽകൃഷ്ണൻ ഉൾപ്പെടെ ബിജെപി സംസ്ഥാന നേതൃത്വവുമായി അടുപ്പമുള്ള ആരെയും ജില്ലാ നേതാക്കൾ ക്ഷണിച്ചിരുന്നില്ല. സംസ്ഥാന അധ്യക്ഷന് പുറമെ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് പന്തീരാങ്കാവ്, ട്രഷറർ അനൂപ്, നിജിൻ മോഹൻ ഉൾപ്പെടെയുള്ള സുരേന്ദ്രൻ പക്ഷക്കാരെയാണ് പരിപാടിയിൽ നിന്നും തഴഞ്ഞത്.