കടുവ സഫാരി പാർക്ക് :സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് വിഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ
1337655
Saturday, September 23, 2023 12:38 AM IST
ചക്കിട്ടപാറ: പഞ്ചായത്തിലെ ചെമ്പനോട, മുതുകാട് പ്രദേശങ്ങളിലായി കടുവ സഫാരി പാർക്ക് എന്ന പ്രൊജക്ട് ആരംഭിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് കർഷക സംഘടനയായ വിഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ പദ്ധതികൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് മലബാർ വന്യജീവി സങ്കേതത്തെ കടുവ സങ്കേതമാക്കി മാറ്റുകയെന്നതാണ്. അതോടുകൂടി വിദേശ ഫണ്ടുകളും, കേന്ദ്ര ഫണ്ടുകളും എത്തിക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും യോഗം ആരോപിച്ചു.
കടുവ സങ്കേതമാക്കി മാറ്റുന്നതോടെ ബഫർ സോൺ പരിധി പത്ത് കിലോമീറ്റർ ദൂരമായി മാറുകയും ജനജീവിതം ദുസഹമാവുകയും ചെയ്യും. രാത്രികാല യാത്ര നിരോധനം അടക്കം മനുഷ്യന്റെ എല്ലാ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും നിയന്ത്രണങ്ങളും നിരോധനങ്ങളും ഉണ്ടാവുമെന്നും അഭിപ്രായപ്പെട്ടു.
തമിഴ്നാട് മുതുമല ടൈഗർ പ്രൊജക്ടിന്റെ ഭാഗമായ ഗൂഢല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ പല ഭാഗങ്ങളിലും ഭൂമി കൈമാറ്റം അടക്കമുള്ള കാര്യങ്ങളിൽ നിരോധനം നിലനിൽക്കുകയാണ്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ കടുവ സഫാരി പാർക്ക് എന്ന പ്രൊജക്ടിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും, അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങൾക്ക് വിഫാം നേതൃത്വം നൽകുമെന്നും വിഫാം ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു.
പൂഴിത്തോട്- വയനാട് ചുരമില്ലാ ബദൽ റോഡ് അട്ടിമറിക്കാനുള്ള ഗൂഢ നീക്കം: കേരളാ കോൺഗ്രസ്
ചക്കിട്ടപാറ: മലബാർ വന്യജീവി സങ്കേതം, ബഫർ സോൺ പ്രഖ്യാപനങ്ങൾ എന്നിവയാൽ തികച്ചും വികസന മുരടിപ്പിലാണ്ടുപോയ മലയോര ജനതയ്ക്ക് ശവപ്പെട്ടിയിൽ അടിക്കുന്ന അവസാനത്തെ ആണിയായിരിക്കും ചക്കിട്ടപാറ പഞ്ചായത്തിൽ വനം വകുപ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ടൈഗർ സഫാരി പാർക്കെന്ന് കേരളാ കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.
ടൈഗർ സഫാരി പാർക്ക് ചക്കിട്ടപാറ പഞ്ചായത്തിൽ സ്ഥാപിച്ചു കഴിഞ്ഞാൽ പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡ് അട്ടിമറിക്കപ്പെടും. ചക്കിട്ടപാറയുടെ കിഴക്കൻ മലയോര ജനതയുടെ അവസാന പ്രതീക്ഷയാണ് പൂഴിത്തോട് -വയനാട് ചുരമില്ലാ ബദൽപ്പാത. ഈ പ്രശ്നം മലയോര കർഷകരെ അണിനിരത്തി പ്രതിരോധിക്കാനും വേണ്ടിവന്നാൽ നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം രാജീവ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിൽസൺ തേരകം അധ്യക്ഷത വഹിച്ചു. എം.ജെ. വർക്കി മേടപ്പള്ളി, ടോമി വള്ളിക്കാട്ടിൽ, ബെന്നി വടക്കേടം, ജോസഫ് ചേന്നംപള്ളി, ഷീന പ്രകാശ്, ബെന്നി കാഞ്ഞിരക്കാട്ടുതൊട്ടിയിൽ, ജോബി ഒളവക്കുന്നേൽ, ജോഷി മിറ്റത്തിനാനി, പ്രദീപ് തട്ടുങ്കൽ, ബെന്നി പെരുമ്പിൽ എന്നിവർ പ്രസംഗിച്ചു.