അപകട കെണിയൊരുക്കി ഓവുചാലിലൂടെയുള്ള വൈദ്യുതി ലൈനുകൾ
1338143
Monday, September 25, 2023 1:28 AM IST
താമരശേരി: തെരുവ് വിളക്കുകളിലേക്കുള്ള വൈദ്യുതി ലൈനുകൾ അഴുക്ക് ചാലിലൂടെ കൊണ്ടുപോകുന്നത് അപകട ഭീഷണി ഉയർത്തുന്നു.
താമരശേരിയിൽ നവീകരിച്ച കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ ചുങ്കം ജംഗ്ഷൻ മുതൽ കൊയിലാണ്ടി ഭാഗത്തേക്ക് സ്ഥാപിച്ച തെരുവ് വിളക്കുകളിലേക്കുള്ള വൈദ്യുതി ലൈനുകളാണ് വെള്ളം ഒഴുകി വരുന്ന അഴുക്ക് ചാലിലൂടെ സ്ഥാപിച്ചത്.
എവിടെയെങ്കിലും ഷോർട്ട് സർക്യൂട്ടുണ്ടായാൽ നിരവധി ആളുകളുടെ ജീവൻ തന്നെ അപകടത്തിലാവുന്ന രൂപത്തിലാണ് വയറുകൾ സ്ഥാപിച്ചത്. ഭൂമിക്കടിയിലൂടെ സ്ഥാപിക്കേണ്ട ലൈനുകൾ ഓവുചാലിലൂടെ സ്ഥാപിച്ചാലുണ്ടാകുന്ന അപകടങ്ങൾ നാട്ടുകാർ നേരിട്ട് സൂചിപ്പിച്ചിരുന്നു.
ടെസ്റ്റ് ചെയ്യാനാണെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ കണക്ഷൻ കൊടുത്തിരിക്കുകയാണ്. ഓവുചാലിലൂടെ ലൈനുകൾ കൊണ്ടുപോകുന്നത് വലിയ അപകടത്തിന് കാരണമാകുമെന്നും എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ പറയുന്നു.