ദളിത് കുടുംബത്തിന്റെ കുടിവെള്ളം ഇല്ലാതാക്കി: ജല അഥോറിറ്റിക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ
1338362
Tuesday, September 26, 2023 12:32 AM IST
കോഴിക്കോട്: മതിയായ രേഖകൾ സമർപ്പിച്ചില്ലെന്ന് ആരോപിച്ച്, നൽകിയ കുടിവെള്ള കണക്ഷൻ ഉപയോഗിക്കരുതെന്ന് ദളിത് കുടുംബത്തിന് നിർദേശം നൽകിയ ജലഅഥോറിറ്റിക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യം അന്വേഷിച്ച് മലാപറമ്പ് ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അദ്ധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് നിർദേശം നൽകി.
കോഴിക്കോട് കോർപറേഷൻ 24ാം വാർഡിൽ അരുളപ്പാട് താഴം സത്യനും കുടുംബത്തിനുമാണ് ഇങ്ങനെയൊരു ദുരിതമുണ്ടായത്. പട്ടികജാതിയിൽപ്പെട്ട സത്യനും കുടുംബവും ഏഴുവർഷം മുമ്പ് നിര്യാതയായ മാതാവിന്റെ പേരിലുള്ള ഒന്നരസെന്റ് സ്ഥലത്താണ് താമസം. നഗരസഭയുടെ അമൃത് പദ്ധതി പ്രകാരമാണ് ഇവർക്ക് കുടിവെള്ള കണക്ഷൻ ലഭിച്ചത്. ഇവർക്ക് സ്വന്തമായി കിണറില്ല.
വീടിന് സമീപമുള്ള പൊതുടാപ്പിൽ നിന്നാണ് ഇവർ വെള്ളമെടുക്കുന്നത്. പദ്ധതി പ്രകാരം എല്ലാവർക്കും കുടിവെള്ള കണക്ഷൻ ലഭിച്ചതിനാൽ പൊതുടാപ്പ് വിച്ഛേദിക്കപ്പെട്ടു.പൈപ്പ് കണക്ഷന് വേണ്ടി സത്യൻ സമർപ്പിച്ച അപേക്ഷയിൽ സഹോദരങ്ങളുടെ സമ്മതപത്രമില്ലെന്ന് പറഞ്ഞാണ് വെള്ളം ഉപയോഗിക്കുന്നതിൽ നിന്നും കുടുംബത്തെ ഉദ്യോഗസ്ഥർ വിലക്കിയത്. സിവിൽ എൻജിനീയറിംഗിന് പഠിക്കുന്ന മകൾക്കും പത്താം ക്ലാസിൽ പഠിക്കുന്ന മകനുമൊപ്പമാണ് കുടുംബം താമസിക്കുന്നത്. റസിഡൻസ് അസോസിയേഷൻ നൽകുന്ന വെള്ളമാണ് ഇവർക്ക് ഇപ്പോൾ ആശ്രയം.ഒക്ടോബറിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.