ജില്ലയില്‍ മഴ തുടരുന്നു
1339825
Monday, October 2, 2023 12:26 AM IST
കോഴിക്കോട്: ജില്ലയില്‍ ഇന്നലെയും കനമത്തമഴ തുടര്‍ന്നു. പൂളക്കടവ് പമ്പ് ഹൗസിന് മുകളിലേക്ക് ശക്തമായ കാറ്റില്‍ മരം വീണു. വെള്ളിമാടുകുന്നില്‍ നിന്നും ഫയര്‍ യൂണിറ്റ് എത്തി മരച്ചില്ലകള്‍ വെട്ടിമാറ്റി. മാങ്കാവ് ഗോവിന്ദപുരം രാമന്നായര് റോഡിന് സമീപം മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല.
നന്ദി ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി കുന്നിയോറമലയിൽ മണ്ണിടിച്ചിലുണ്ടായി. അപകടകരമായ രീതിയിൽ കുത്തനെ മണ്ണെടുത്തതാണ് കാരണം . കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണമെന്ന് പൊതുപ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു.
മലയോരമേഖലകളില്‍ ഉള്‍പ്പെടെ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. അടുത്ത മൂന്നുദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മലയോരത്തുകൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊയിലാണ്ടി: കണയംകോട് പാലത്തിനു വടക്കു വശം റോഡിലേക്ക് മരം പൊട്ടി വീണു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം.
കൊയിലാണ്ടി :കനത്ത മഴയെ തുടർന്ന് 75 വർഷം പഴക്കമുള്ള വീടിന്റെ ഒരു ഭാഗം തകർന്നു.ആർക്കും ആളപായമില്ല.പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി തറവാടാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ തകർന്നത്.രണ്ട് നിലയുള്ള വീടിന്റെ മുകൾ നിലയിൽ വടക്ക് ഭാഗത്തെ മുറി പൂർണ്ണമായും താഴേയ്ക്ക് നിലം പതിച്ചു.
വീട്ടുടമസ്ഥൻ രാജനും ഭാര്യ സുഭദ്ര, മക്കളായ അർജുൻ രാജ് , ഇന്ദുലേഖ എന്നിവരായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സഹോദരൻ ദിനേശൻ ഭാര്യ റീജയുടെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു.
മുകൾ നിലയിലായിരുന്നു ഇവരുടെ കിടപ്പ് മുറി. ചടങ്ങ് കഴിഞ്ഞ് വൈകി എത്തിയതിനാൽ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു.രാജനും കുടുംബവും താഴത്തെ മുറിയിലായിരുന്നു.