ഇനി തെരഞ്ഞെടുപ്പുകാലം... ഫ്ലക്സ് ബോര്‍ഡുകള്‍ ആരു നീക്കും?
1395898
Tuesday, February 27, 2024 6:44 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പുകാലം അടുത്തിരിക്കേ നഗരത്തിന് ഭീഷണിയായി വീണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍. നിരന്തരം നടപടി എടുത്തിട്ടും ഇതുവരെ നിലവിലുള്ള ബോര്‍ഡുകള്‍ നീക്കാന്‍ പലരും തയ്യാറായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ വിവിധ ജാഥകള്‍ നടക്കുന്നതിനാല്‍ അതിന്റെ പ്രചാരണ ബോര്‍ഡുകളാണ് ഏറെയും.
ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് കൂടി വരുന്നത്. പ്രചാരണം കൊട്ടിക്കയറുമ്പോള്‍ നഗരവീഥികള്‍ പ്രചാരണ ബോര്‍ഡുകളാൽ നിറയുമെന്നുറപ്പാണ്. അതായത് എന്ത് നടപടിയെടുക്കാന്‍ അധികൃതര്‍ തുനിഞ്ഞാലും രാഷ്ട്രീയ സമ്മര്‍ദ്ദം അതിനുമേലുണ്ടാകുമെന്ന് ചുരുക്കം.
നഗരത്തിൽ പരസ്യ നിരോധിത മേഖലയായ മാനാഞ്ചിറക്ക് ചുറ്റും ഇപ്പോള്‍ തന്നെ പരസ്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. നേരത്തെ ഒഴിവാക്കിയ ഭാഗങ്ങളിലാണ് പരസ്യം നിറഞ്ഞിരിക്കുന്നത്. മാവൂർ റോഡിന്റെ പല ഭാഗങ്ങളിലും ഡ്രൈവർമാർക്ക് കാഴ്ച മറയ്ക്കുന്ന തരത്തിൽ ബോര്‍ഡുണ്ട്. മനുഷ്യാവകാശ കമീഷൻ അടക്കം വിഷയത്തിൽ ഇടപെട്ടിട്ടും ഇവ നീക്കം ചെയ്യുന്നില്ല. പരിപാടികൾ കഴിഞ്ഞതിന് ശേഷവും ഔദ്യോഗിക പരിപാടികളുടെ അടക്കം പരസ്യങ്ങൾ റോഡിൽനിന്ന് മാറ്റാതെ കിടക്കുന്നുണ്ട്.
പരസ്യങ്ങൾ നീക്കം ചെയ്യേണ്ട കോർപറേഷൻ അധികൃതരാവട്ടെ ഇതൊന്നും കണ്ട മട്ടില്ല. നഗരത്തിൽ ഹരിത പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കണമെന്ന് കോർപറേഷൻ രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു. എന്നാൽ കോർപറേഷന്റെ പരിപാടികൾക്ക് അടക്കം ഫ്ലക്സ് പരസ്യങ്ങളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. സമ്മേളനങ്ങളും മറ്റ് പരിപാടികളും നടക്കുന്ന കാലമായതിനാൽ നഗരത്തിന്റെ മുക്കിലും മൂലയിലും ദിനംപ്രതി ബോര്‍ഡുകള്‍ നിറയുകയാണ്.
സ്വന്തം ലേഖകന്‍