ആർഎസ്എസിന്റെ ഗൂഡ അജണ്ട: കൽപ്പറ്റ നാരായണൻ
1415969
Friday, April 12, 2024 5:36 AM IST
കോഴിക്കോട്: ഒരു സ്ഥലത്തിന്റെ നാമം മാറ്റുന്നത് ചരിത്രപരമായ തെറ്റാണെന്ന് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ. താൻ ജയിച്ചാൽ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്നാക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദേഹം.
ഗണപതിവട്ടം എന്നത് ഗണപതി ക്ഷേത്രത്തിന്റെ ചുറ്റുവട്ടം മാത്രമാണ്. അത് ഒരിക്കലും ബത്തേരി എന്ന മുഴുവൻ പ്രദേശത്തിന്റെയും ഐഡന്റിറ്റി അല്ല. ടിപ്പു സുൽത്താൻ, പഴശിരാജ, സ്വാതന്ത്ര്യ സമരം തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥല നാമമാണ് സുൽത്താൻ ബത്തേരി.
പേരു മാറ്റിയാൽ ബത്തേരിയുടെ ഭൂതകാല ചരിത്രം മുഴുവൻ റദ്ദാക്കപ്പെടും. ക്ഷേത്രങ്ങളെ മുൻനിറുത്തി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പുനർനിർമ്മിക്കുന്നതിനുള്ള സംഘപരിവാർ നീക്കമാണ് ഇത്തരം പ്രസ്താവനകൾക്കു പിന്നിലെന്നും കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു.