മീൻ പിടിക്കാൻ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1425383
Monday, May 27, 2024 10:32 PM IST
ചേളന്നൂർ: പുഴയിൽ മീൻ പിടിക്കാൻ പോയി കാണാതായ യുവാവിന്റെ മുതദേഹം ചളിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ചേളന്നൂർ തിയ്യക്കണ്ടിയിൽ ബാബുവിന്റെ മകൻ ടി.കെ. മിഥുനാ(31)ണ് മരിച്ചത്.
ഞായറാഴ്ച രാത്രി അകലാപ്പുഴയിൽ പാവയിൽ ചീർപ്പിനടുത്ത് മീൻ പിടിക്കാൻ പോയ മിഥുനെ കാണാതാവുകയായിരുന്നു. കാണാതായ വിവരമറിഞ്ഞ് നരിക്കുനി ഫയർസ്റ്റേഷനിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എം.സി. മനോജിന്റെ നേതൃത്വത്തിൽ ഞായറാഴ്ച്ച രാത്രി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച പുലർച്ചേ നാട്ടുകാർ വീണ്ടും തോണിയിൽ തെരച്ചിൽ നടത്തുന്നതിനിടെ കരയിൽ നിന്ന് അഞ്ചുമീറ്റർ അകലെ ചളിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ: നീതു. മക്കൾ: ധൻവിൻ, വൈദേഹി. മാതാവ്: ഉഷ. സഹോദരൻ: അതുൽ.