കാട്ടാനകൾ വീടിനരികെ; ഉറക്കമില്ലാതെ മുതുകാട്ടുകാർ
1425595
Tuesday, May 28, 2024 7:56 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നാലാം ബ്ലോക്കിലെ ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായതോടെ ഭയാശങ്കയിലാണു നാട്ടുകാർ. ഒറ്റയ്ക്കു താമസിക്കുന്നവരും പ്രായമായവരും രോഗികളുമെല്ലാം ഉറക്കമില്ലാതെ പേടിയോടെ കഴിയുകയാണ്. കൃഷിയിടത്തിൽ ഇറങ്ങുന്ന ആനകൾ രാത്രിയിൽ വീടുകൾക്കരികിൽ വരെയെത്തും. ആനകൾ വരുന്നതു നോക്കി ആഴ്ചകളായി നാട്ടുകാർ ഉറക്കമില്ലാതെ ഇവിടെ കാവൽ നിൽക്കുകയാണ്. ഒരു വാച്ചർ മാത്രമാണ് പ്രദേശത്തുള്ളത്.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് പെരുവണ്ണാമൂഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇ. ബൈജുനാഥിന്റെ നേതൃത്വത്തിൽ വനപാലകരും താമരശേരിയിൽനിന്ന് വനം വകുപ്പിലെ ആർആർടി സംഘവും ആനയെ ഓടിക്കാൻ കഴിഞ്ഞ ദിവസം മുതുകാട്ടിലെത്തിയിരുന്നു. വനപാലകരും നാട്ടുകാരും പടക്കം പൊട്ടിച്ച് ആനകളെ ഓടിക്കുന്നുണ്ടെങ്കിലും വീണ്ടും കൃഷിയിടങ്ങളിലേക്ക് തിരികെയെത്തുകയാണ്. കുട്ടികളടക്കം ഏഴ് ആനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെത്തിയത്.
വിവിധ വഴികളിലൂടെ വന മേഖലയിൽനിന്ന് ആനകളെത്തുന്നതിനാൽ ഒരു ഭാഗത്തുനിന്ന് തുരത്തുമ്പോൾ മറുഭാഗത്തുകൂടെ കൃഷിയിടത്തിലെത്തുകയാണ്. ഇതിനാൽ ആനകളെ ഓടിക്കാൻ പോലും പുറത്തേക്കിറങ്ങാൻ ആകുന്നില്ലെന്ന് കർഷകനായ ഉള്ളാട്ടിൽ സിജോ പറയുന്നു. നിരവധി കർഷകരുടെ തെങ്ങും കമുകും വാഴകളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചത്. ഉള്ളാട്ടിൽ ചാക്കോ, കൃഷ്ണൻ കല്ലുങ്കൽ, ചന്ദ്രൻ കോട്ടപ്പറമ്പിൽ, ബിജു കന്നിപ്പൊയിൽ, പാപ്പാടി ഏലിക്കുട്ടി എന്നിവരുടെ തെങ്ങ്, വാഴ, റബർ, കമുക് എന്നിവ കാട്ടാന നശിപ്പിച്ചു.
ചെമ്പനോട ഉണ്ടംമൂല ഭാഗത്തും കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. തുണ്ടത്തികുന്നേൽ ഏലിക്കുട്ടി, പുല്ലൂന്നിയിൽ ചന്ദ്രൻ, പൈനാപ്പിള്ളി ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. കഴിഞ്ഞവർഷം കൂവ്വപ്പൊയിൽ, പെരുവണ്ണാമൂഴി, പന്നിക്കോട്ടൂർ, ചെമ്പനോട മേഖലയിൽ കാട്ടാനകൾ വലിയ കൃഷി നാശമാണ് വരുത്തിയത്. ഇത്തവണ മുതുകാട് ഭാഗത്താണ് ആനകൾ കൂട്ടത്തോടെയെത്തിയിരിക്കുന്നത്.