കൂരാച്ചുണ്ട്: കഴിഞ്ഞ ദിവസം കക്കയം ഡാം സൈറ്റ് റോഡിൽ പതിച്ച കൂറ്റൻ പാറക്കല്ല് പൊട്ടിച്ചുനീക്കി. ഡാം റോഡിലെ ബിവിസിക്ക് സമീപമാണ് കഴിഞ്ഞ ദിവസം ഉയർന്നുനിൽക്കുന്ന തിണ്ടിൽ നിന്നും ഇടിഞ്ഞ് കൂറ്റൻ പാറക്കല്ല് താഴേക്ക് പതിച്ചത്. ഈ സമയം യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
കക്കയം ഡാം സൈറ്റിൽ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടുവെങ്കിലും കെഎസ്ഇബി ജീവനക്കാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ഡാം സുരക്ഷാ ജീവനക്കാർ തുടങ്ങിയവർ ഇതുവഴി എപ്പോഴും കടന്നുപോകുന്നതാണ്. റോഡിൽ ഗതാഗതം തടസപ്പെട്ടതോടെ പിഡബ്ല്യൂഡി ജീവനക്കാർ കല്ല് പൊട്ടിച്ചു നീക്കം ചെയ്യുകയായിരുന്നു.