പുൽപ്പള്ളി പഞ്ചായത്തിനു ബജറ്റിൽ കാർഷിക, മൃഗസംരക്ഷണമേഖലകൾക്കു മുൻതൂക്കം
1277883
Wednesday, March 15, 2023 11:54 PM IST
പുൽപ്പള്ളി: പഞ്ചായത്ത് ബജറ്റിൽ കാർഷിക, മൃഗസംരക്ഷണ മേഖലകൾക്കു മുൻതൂക്കം. 53.28 കോടി രൂപ വരവും 52.72 കോടി രൂപ ചെലവും കണക്കാക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ശോഭന സുകു അവതരിപ്പിച്ചത്.
പഞ്ചായത്തിലെ മുഴുവൻ കറവപ്പശുക്കളെയും ഇൻഷ്വർ ചെയ്യുന്നതിനുള്ള പദ്ധതിക്ക് 45 ലക്ഷം രൂപയും 500 ക്ഷീര കർഷകർക്ക് മൂന്ന് മാസത്തേക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്നതിനു 45 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി. വെറ്റിനറി ആശുപത്രിക്കു മരുന്ന്-25 ലക്ഷം, മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ സംയോജിത പദ്ധതിയായ സഞ്ചരിക്കുന്ന മൃഗാശുപത്രി-10 ലക്ഷം, എന്റെ പൈക്കിടാവ് പദ്ധതിക്ക്-14 ലക്ഷം, പേവിഷബാധ നിയന്ത്രണം-ഒരു ലക്ഷം, മുട്ടക്കോഴി വിതരണം-10 ലക്ഷം, പോത്തുകുട്ടി വിതരണം-37.5 ലക്ഷം, പാൽ സബ്സിഡി-30 ലക്ഷം എന്നിങ്ങനെ തുക നീക്കിവച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ കനാൽ നിർമാണം, പുനരുദ്ധാരണം, തടയണ നിർമാണം, പുനരുദ്ധാരണം, തോടുകൾക്കു പാർശ്വഭിത്തി നിർമാണം എന്നിവയ്ക്കു അഞ്ചു കോടി രൂപ വകയിരുത്തി.
സമഗ്ര കരകൃഷി-30 ലക്ഷം, ജൈവവേലി-2.5 ലക്ഷം, തരിശുരഹിത പഞ്ചായത്ത്-അഞ്ചു ലക്ഷം, വെർട്ടിക്കൽ ഫാമിംഗ്-2.7 ലക്ഷം, മണ്ണ് പരിശോധന ലാബ്-അഞ്ച് ലക്ഷം, വെറ്ററിനറി ലാബ്-10 ലക്ഷം, തറപ്പായ(ചവിട്ടി ) നിർമാണ യൂണിറ്റ്-അഞ്ച് ലക്ഷം, പഴം സംസ്കരണ യൂണിറ്റ്-അഞ്ച് ലക്ഷം, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്-14 ലക്ഷം, ശ്മശാന നിർമാണം 1.1 കോടി, പഞ്ചായത്ത് ഓഫീസ് നിർമാണം പൂർത്തീകരണം-രണ്ടു കോടി, ഗോത്ര സാരഥി പദ്ധതി-50 ലക്ഷം, റോഡ് നിർമാണം-നാലു കോടി, റോഡ് മെയിന്റനൻസ്-3.73 കോടി, കെട്ടിടങ്ങൾ-രണ്ട് കോടി, തൊഴിലുറപ്പ് പദ്ധതി-11 കോടി എന്നിങ്ങനയെും തുക വകയിരുത്തി. പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ടി. കരുണാകരൻ, ശ്രീദേവി മുല്ലക്കൽ, ജോളി നരിതൂക്കിൽ, സെക്രട്ടറി വി.ഡി. തോമസ്, മണി പാന്പനാൽ, അനിൽ സി. കുമാർ, ജോമറ്റ്, ജോഷി ചാരുവേലിയിൽ എന്നിവർ പ്രസംഗിച്ചു.