എ.വി. അഭിജിത്തിന് എഎസ്എബി ജിയോഗ്രാഫിക് പുരസ്കാരം
1592614
Thursday, September 18, 2025 5:24 AM IST
കൽപ്പറ്റ: വയനാട് ബത്തേരി കല്ലൂർ സ്വദേശി എ.വി. അഭിജിത്തിന് അന്താരാഷ്ട്ര പുരസ്കാരം. അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് അനിമൽ ബിഹേവിയർ(എഎസ്എബി) ജിയോഗ്രാഫിക് പുരസ്കാരമാണ് അഭിജിത്തിന് ലഭിച്ചത്. 1939ൽ ലണ്ടനിൽ രൂപീകൃതമായ സംഘടനയാണ് എഎസ്എബി.
വിവിധയിനം പ്രാണിപിടിയൻ പക്ഷികൾ ഇരതേടുന്നതിന് കൂട്ടംകൂടി വനത്തിൽ ഒരേദിശയിൽ നടത്തുന്ന സഞ്ചാരം, പക്ഷികൾ ഇത്തരത്തിൽ കൂട്ടംകൂടുന്ന സാഹചര്യം, അവ പുറപ്പെടുവിക്കുന്ന ശബ്ദം എന്നിവ സംബന്ധിച്ച് ന്ധഅനിമൽ ബിഹേവിയർന്ധ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് അഭിജിത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 2,40,000 രൂപയും പ്രശസ്ത്രിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ബംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിൽ ഇവല്യൂഷണറി ആൻഡ് ഓർഗനിസ്മൽ ബയോളജി(ഇഒബി)യൂണിറ്റിൽ ഗവേഷണ വിദ്യാർഥിയാണ് അഭിജിത്ത്. കല്ലൂരിലെ കർഷകൻ എ.വി. മനോജ്കുമാറിന്റേയും ബിഎസ്എൻഎൽ റിട്ട.ഡിവിഷണൽ എൻജിനിയർ ഷേർലിയുടേയും മകനാണ്.
തെന്നിന്ത്യയിൽ ആദ്യമായി വലിയ കിന്നരിപ്പരുന്തിന്റെ പ്രജനനകാലം നിരന്തര നിരീക്ഷണത്തിനു വിധേയമാക്കി തയാറാക്കിയ സചിത്രലേഖനം പ്രസിദ്ധ ഓണ്ലൈൻ ജേണൽ ‘ഇന്ത്യൻ ബേർഡ്സ്’ൽ പ്രസിദ്ധീകരിച്ച് അഭിജിത്ത് ജനശ്രദ്ധ നേടിയിരുന്നു. അഭിജിത്തും പിതാവ് മനോജ്കുമാറും ചേർന്നു ‘ബ്രീഡിംഗ് ബയോളജി ഓഫ് ലെഗീസ് ഹാക്ക് ഈഗിൾ’ എന്ന തലക്കെട്ടിൽ തയാറാക്കിയ ലേഖനം ‘ഇന്ത്യൻ ബേർഡ്സ്’ന്റെ 2023 ഓഗസ്റ്റ് ലക്കത്തിൽ കവർ സ്റ്റോറിയായിരുന്നു.
വൈൽഡ് ലൈഫ് ബയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള അഭിജിത്ത് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലും തത്പരനാണ്. 80 ലേറെ ഇനം പക്ഷികൾ, കടുവയും ആനയുമടക്കം മൃഗങ്ങൾ, വിവിധയിനം പാന്പുകൾ, തവളകൾ എന്നിവയുടെ ചിത്രങ്ങൾ അഭിജിത്തിന്റെ ശേഖരത്തിലുണ്ട്.
ഇന്ത്യയിൽ ആദ്യമായി വടക്കേ വയനാട്ടിലെ പേരിയ ഗുരുകുലം ബൊട്ടാണിക്കൽ ഗാർഡനിൽ 2016 ജൂലൈ 18ന് രാത്രി ചേന വർഗത്തിൽപ്പെട്ട ടൈറ്റൻ ആരം പുവിട്ടതിന്റെ ദൃശ്യങ്ങൾ പകർത്തി ബാഹ്യലോകത്തിനു സമ്മാനിച്ചത് അഭിജിത്താണ്.