എൻ.എം. വിജയന്റെ ആത്മഹത്യ: കെപിസിസി നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് കുടുംബം
1591305
Saturday, September 13, 2025 5:54 AM IST
സുൽത്താൻ ബത്തേരി: മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വം നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന ആരോപണവുമായി എൻ.എം. വിജയന്റ മരുമകൾ പത്മജ.
സുൽത്താൻ ബത്തേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ. പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ.എം. വിജയനുണ്ടായ ബാധ്യതകളെല്ലാം ജൂണ്‍ മുപ്പതിനകം തീർക്കാമെന്നതരത്തിൽ പാർട്ടിയുമായി ധാരണാപത്രം ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.
ഭർത്താവ് വിജേഷിന് അസുഖംവന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട് ബുദ്ധിമുട്ടിലായിട്ടും ആരും സാഹായിച്ചില്ല. പാർട്ടിയുമായി ഉണ്ടാക്കിയ ധാരണപത്രം വാങ്ങാൻ അഭിഭാഷകന്റെ ഓഫീസിലെത്തിയെങ്കിലും ലഭിച്ചില്ല.
അന്വേഷിച്ചപ്പോൾ പാർട്ടി പ്രസിഡന്റ് പഠിക്കാൻ വാങ്ങിയെന്നാണ് കൽപ്പറ്റ എംഎൽഎ പറഞ്ഞത്. ഇതുവരെ തങ്ങളോട് ചെയ്ത് തരാമെന്ന് പറഞ്ഞ ഒരുകാര്യവും ചെയ്തുതന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് പാർട്ടിയോടുള്ള വിശ്വാസം നഷ്ടപെട്ടതായും പത്മജ പറഞ്ഞു. തങ്ങൾ താമസിക്കുന്ന സ്ഥലംപോലും ബാങ്കിൽ പണയത്തിലാണെന്നും പത്മജ പറഞ്ഞു.